ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഫയാസ് റഹ്മാൻ, പി.ആർ.ഒ സുധീർ കോയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരെ സൈബർ പൊലീസിലും ആലപ്പുഴ സൗത്ത് പൊലീസിലും പരാതി നൽകും.
ആഴക്കടലിലെ അത്ഭുതകാഴ്ചകളാണ് ആലപ്പുഴയിലും ഒരുക്കിയിട്ടുള്ളത്. കടലിലെ ഏറ്റവും ചെറിയമത്സ്യം മുതൽ മനുഷ്യനോളം വലുപ്പമുള്ള മത്സ്യങ്ങളുടെ കാഴ്ചകളാണുള്ളത്. എന്നാൽ, ഇതിന് സമീപത്തായി മറ്റൊരു എക്‌സിബിഷൻ തുടങ്ങിയതാണ് ചില തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നത്. സിനിമയുടെ രീതിയിൽ അവിടെ ചിത്രീകരിക്കുന്ന ചിലകാഴ്ചകൾ കണ്ട് അസംതൃപ്തിയിലാണ് പലരും മടങ്ങുന്നത്. അവർ സമൂഹമാദ്ധ്യമങ്ങളിലൂടെ മോശം കമന്റുകളാണിടുന്നത്. ആദ്യമായിവരുന്നവരാണ് ഏറെ തെറ്റിദ്ധരിക്കുന്നത്. ഒരേസമയം ഒരേസ്ഥലത്ത് രണ്ട് എക്‌സിബിഷന് 50മീറ്റർ പോലും അകലമില്ലാതെ അനുമതി നൽകിയതാണ് ആശയക്കുഴപ്പത്തിന് കാരണം. മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിലേക്ക്ള്ള പ്രവേശന കവാടവും എൻട്രീ പാസ് വിതരണവും ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള കപ്പലിന്റെ ഭാഗത്താണെന്നും ഫയാസ് റഹ്മാൻ പറഞ്ഞു.
കാണാം അത്ഭുത കാഴ്ചകളുടെ ലോകം
ആലപ്പുഴ ബീച്ചിൽ അത്ഭുതക്കാഴ്ചകളുമായി അണ്ടർ വാട്ടർ ടണൽ അക്വേറിയം തുറന്നു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളത്തിനടിയിലൂടെ നടന്ന് ചില്ല് ജാലകത്തിലൂടെ കാഴ്ചകൾ കാണാം. പത്ത് കോടി രൂപ ചെലവഴിച്ച് ഡി.ക്യു.എഫ് ഒരുക്കുന്ന മറൈൻ വേൾഡ് - അണ്ടർ വാട്ടർ ടണൽ കടപ്പുറത്ത് മൂന്ന് ഏക്കറോളം വരുന്ന പ്രദേശത്താണ് ഒരുക്കിയിട്ടുള്ളത്. ജനുവരി 15 വരെയാണ് പ്രദർശനം. കടലിലെ ചെകുത്താൻ എന്ന് അറിയപ്പെടുന്ന ആംഗ്ലൈർ ഫിഷും മത്സ്യങ്ങളുടെ പ്രണയങ്ങളും കാണികളെ ആവേശത്തിലാക്കുന്നു.
പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 9 വരെയും അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനം. അഞ്ച് വയസ് മുതൽ മുകളിലുള്ളവർക്കുള്ള പ്രവേശന ഫീസ് 120 രൂപ. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. സ്‌കൂളുകളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവുണ്ട്.