
ചേർത്തല: ശിവഗിരി തീർത്ഥാടന നഗരിയിൽ ധർമ്മപതാക ഉയർത്തുന്ന കൊടിക്കയറുമായുള്ള പദയാത്ര കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നിന്ന് പ്രയാണം തുടങ്ങി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പദയാത്ര ക്യാപ്റ്റൻ വിജയഘോഷ് ചാരങ്കാടിന് കൊടിക്കയർ കൈമാറി.
താലൂക്ക് മഹാസമാധി ദിനാചരണക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദയാത്ര. 91ാമത് തീർത്ഥാടനത്തെ പ്രതിനിധീകരിച്ച് 91പേരാണ് പങ്കെടുക്കുന്നത്.പദയാത്രയ്ക്കു മുന്നോടിയായി ക്ഷേത്രത്തിൽ നടന്ന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.താലൂക്ക് മഹാസമാധിദിനാചരണക്കമ്മിറ്റി ചെയർമാൻ വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷനായി.ക്ഷേത്രം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ,നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, സി.ആർ.ജയപ്രകാശ്,കെ.ആർ.രാജു കുത്തിയതോട്,പി.എം.പുഷ്‌കരൻ പുത്തൻകാവ്, ശാന്തകുമാർ, വി.എ.കാർത്തികേയൻ, പി.ബാഹുലേയൻ,അജിതാപ്രസന്നൻ എന്നിവർ പങ്കെടുത്തു. ഏഴു ദിനങ്ങളിലായി 60 ഓളം ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി 29ന് പദയാത്ര ശിവഗിരിയിലെത്തും.