ആലപ്പുഴ : നവകേരള യാത്രയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അജയ് ജ്യുവൽ കുര്യാക്കോസിനെയും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസിനെയും മർദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് സനാബീഗത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സെക്യൂരിറ്റി ഓഫീസർ സന്ദീപ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെയാണ് കേസ്. പൊലീസ് കസ്റ്റഡിയിലെടുത്ത തങ്ങളെ ക്രൂരമായി മർദ്ദിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാത്തതിനെതിരെ ജ്യുവലും എ.ഡി.തോമസും നൽകിയ ഹർജിയിൽ, ഐ.പി.സി 294 ബി, 326,324 വകുപ്പുകൾ പ്രകാരം കേസെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജ്യുവലും തോമസും ഇന്നലെ തന്നെ പൊലീസിന് മൊഴി നൽകിയതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.