ആലപ്പുഴ: കുഞ്ഞുമാലാഖമാർ കരോൾ ഗാനവും നൃത്തച്ചുവടുമായി നാട്ടിലിറങ്ങിയപ്പോൾ കാഴ്ചക്കാർക്ക് ആവേശമായി. കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപത്തെ കുട്ടികളാണ് മാലാഖമാരായത്. കൂട്ടത്തിൽ മുതിർന്ന ഉണ്ണിമോളാണ് അമ്മ മിനിയോട് ആശയം പങ്കുവച്ചത്. മിനി പ്രോത്സാഹിപ്പിച്ചതോടെ മിനിയുടെ മക്കളായ അഭിരാമി, അഭിനന്ദ, ദിയ, ശിവനന്ദ, ആര്യനന്ദ, ആതിര എന്നിവരും അവരുടെ അമ്മമാരും കൂടി ചേർന്നതോടെ സംഭവം കളറായി. പാട്ടുപാടിയും മേളമൊരുക്കിയും
അവർ കുട്ടികളെ പ്രോത്സാഹിപ്പിച്ചു. അഭിനന്ദയുടെയും ആര്യനന്ദയുടെയും അപ്പൂപ്പനായ ബാലകൃഷ്ണൻ ലൈറ്റ്മാനായും സംവിധായകനായും ഒപ്പംകൂടി.
അവരുടെ കുഞ്ഞുസഹോദരൻ കണ്ണൻ വഴികാട്ടിയായി. ഇതോടെ കണ്ണിനും മനസിനും ഇമ്പമുള്ള കരോളായി.