ആലപ്പുഴ: സ്ഥാനക്കയറ്റത്തിനായി, സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൂറുകണക്കിന് പരാതികൾ നൽകി മടുത്ത് ജലഗതാഗത വകുപ്പിലെ സ്രാങ്കുമാരും ഡ്രൈവർമാരും.
സംസ്ഥാന ജലഗതാഗത വകുപ്പിലെ സ്‌പെഷ്യൽ റൂൾ പ്രകാരം മാരിടൈം ബോർഡിൽ നിന്ന് ലഭിക്കുന്ന ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികൾ സ്രാങ്ക്, ഡ്രൈവർ തസ്തികകളിൽ ജോലി നേടുന്നത്. അതുകൊണ്ടുതന്നെ മറ്റ് സർക്കാർ ജോലികളിലെപ്പോലെ ഇവർക്ക് സ്ഥാനക്കയറ്റം ലഭിക്കാറില്ല. സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യുക, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് പലതവണ നിവേദനങ്ങൾ നൽകിയിട്ടും ഫലമില്ലെന്ന് ഇവർ പറയുന്നു.
പതിനെട്ട് വർഷമായ നിയമങ്ങളാണ് വകുപ്പിൽ നിലനിൽക്കുന്നത്. പുതിയ നിയമം കൊണ്ടുവരണമെങ്കിൽ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യണം. എന്നാൽ സ്പെഷ്യൽ റൂൾ ഫയൽ വർഷങ്ങളായി ജലഗതാഗത വകുപ്പിലും സെക്രട്ടേറിയറ്റിലും പി.എസ്.സിയിലുമായി തട്ടിക്കളിക്കുകയാണെന്നാണ് സ്രാങ്ക് അസോസിയേഷന്റെ പരാതി.
ബോട്ട് മാസ്റ്റർ ലൈസൻസുള്ളവർക്ക് ആ സ്ഥാനത്തേക്ക് പരിഗണനയ്ക്ക് അവസരമുണ്ടെങ്കിലും, തുറമുഖ വകുപ്പിൽ നിന്ന് ബോട്ട് മാസ്റ്റർ ലൈസൻസ് വിതരണം ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.
ബോട്ട് മാസ്റ്ററുടെ ലൈസൻസ് കൂടിയുള്ള സ്രാങ്ക്, ഡ്രൈവർ ജീവനക്കാരെ ബോട്ട് മാസ്റ്റർ തസ്തികയിലെ നിശ്ചിത ശതമാനം ഒഴിവിലേക്ക് പരിഗണിക്കണമെന്ന ആവശ്യം സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്.
- ഷാജി വി.നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ
ജലഗതാഗത വകുപ്പിലെ ഓപ്പറേറ്റിംഗ് വിഭാഗത്തിന്റെ നട്ടെല്ലാണ് സ്രാങ്കുമാർ. സ്രാങ്കുമാരോടും ഡ്രൈവർമാരോടുമുള്ള അവഗണന അവസാനിപ്പിച്ച് സ്ഥാനക്കയറ്റത്തിന് അവസരമൊരുക്കണം
- സി.ടി.ആദർശ്, സ്രാങ്ക് അസോസിയേഷൻ സെക്രട്ടറി