ആലപ്പുഴ: ആലപ്പുഴ കടപ്പുറത്തെ കൂടാരത്തിൽ ഒരുക്കിയിട്ടുള്ള ഉൾക്കടലിലെ അപൂർവ്വ കാഴ്ചകൾ കാണാൻ അയൽ ജില്ലകളിൽ നിന്ന് ഉൾപ്പടെ ബീച്ചിലേക്ക് ജനം പ്രവഹിക്കുന്നു. ക്രിസ്മസ് അവധി ആരംഭിച്ചതോടെയാണ് ബീച്ചിലെ മറൈൻ വേൾഡിന്റെ അണ്ടർ വാട്ടർ ടണൽ എക്സപോയിൽ തിരക്ക് വർദ്ധിച്ചത്. കടൽ മത്സ്യങ്ങളെ കാണാനെത്തുന്നവരെ സ്വീകരിക്കുന്നത് ശബ്ദമുണ്ടാക്കുന്ന വന്യ മൃഗങ്ങളുടെ മീനിയേച്ചർ രൂപങ്ങളാണ്. സിംഹവും പുലിയും കരടിയും കാട്ടാനയും ചിമ്പാൻസിയും... തുടങ്ങി ഒട്ടേറെ പേരെ കടന്നുവേണം മത്സ്യങ്ങളുടെ ലോകത്ത് എത്താൻ. ഇവിടെ കൂറ്റൻ ഫിഷ് ടാങ്കിൽ മത്സ്യത്തിനൊപ്പം നീന്തി തുടിക്കുന്ന സ്കൂബാ ഡൈവർമാർ കാണികൾക്ക് വിസ്മയാനുഭവം സമ്മാനിക്കുന്നു. മത്സ്യങ്ങളുമായും സ്കൂബാ ഡൈവർമാരുമായും ചേർന്ന് ചിത്രങ്ങളെടുക്കാനും കാണികളുടെ തിരക്കാണ്. അവധി ദിവസങ്ങളിൽ രാവിലെ മുതൽ പ്രവേശനമുണ്ട്. വൈകുന്നേരങ്ങളിൽ തിരക്ക് വർദ്ധിക്കും. വ്യത്യസ്ത ടാങ്കുകളിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളത്തിലാണ് രണ്ടായിരത്തിലേറെ ഇനം മത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കുന്നത്. പത്ത് കോടി രൂപ മുതൽ മുടക്കിലാണ് ഡി.ക്യു.എഫ് ആലപ്പുഴ ബീച്ചിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ വൈവിദ്ധ്യമാർന്ന വ്യാപാര മേളയും ഫുട്കോർട്ടും മീൻ പിടിത്ത മത്സരവും ഒരുക്കിയിട്ടുണ്ട്. കടൽക്കാഴ്ചകളുടെ ദൃശ്യാനുഭവം ആസ്വദിക്കാവുന്ന തരത്തിൽ ജയന്റ് വീലിന്റെ നിർമ്മാണം തീരത്ത് പുരോഗമിക്കുന്നു.
അപൂർവ്വ കാഴ്ചകൾ
രാജ്യത്തെ ഏറ്റവും വലുപ്പമുള്ള അലിഗേറ്റർ, അബാമ മത്സ്യങ്ങൾ, ചിറകില്ലാതെ കാലിൽ ഇഴയുന്നവ, വ്യത്യസ്ത ഇനം ഞണ്ടുകൾ, മഴവിൽ നിറങ്ങളിൽ ഓടിക്കളിഞ്ഞുന്ന കുഞ്ഞൻ മത്സ്യങ്ങൾ എന്നിങ്ങനെ കടലിലെ വ്യത്യസ്ത മത്സ്യങ്ങളുടെ അപൂർവ്വ കാഴ്ചയാണ് മറൈൻ എക്സ്പോയിലുള്ളത്.
പ്രദർശന സമയം
പ്രവൃത്തി ദിനങ്ങളിൽ : പകൽ 2 മുതൽ രാത്രി 10 വരെ
അവധി ദിനങ്ങളിൽ : രാവിലെ 10 മുതൽ രാത്രി 10 വരെ
ടിക്കറ്റ് നിരക്ക്
# അഞ്ച് വയസിന് മുകളിൽ 120 രൂപ
# ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യം
# കൂട്ടമായെത്തുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് പകുതി നിരക്ക്
മികച്ച ദൃശ്യാനുഭവമാണ് മറൈൻ എക്സ്പോ നൽകുന്നത്. തലയ്ക്കു മുകളിലൂടെ വമ്പൻ മുതൽ കുഞ്ഞൻ മത്സ്യങ്ങൾ വരെ ഒഴുകി നടക്കുന്നത് രസമാണ്
- നന്ദന ദിലീപ്, കാഞ്ഞിരപ്പള്ളി സ്വദേശിനി