ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെ.എസ്.യു നേതാക്കളെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെയും അംഗരക്ഷകനെയും പ്രതിയാക്കി കേസെടുത്ത സംഭവത്തിൽ മൊഴിയെടുപ്പ് വൈകും. ക്രിസ്മസ് അവധിയുടെയും തിരക്കിന്റെ പശ്ചാത്തലത്തിലാണ് ഈ കാലതാമസം.അടുത്ത ദിവസങ്ങളിൽ പരാതിക്കാരെ വിളിപ്പിച്ച് വിശദമായ മൊഴിയെടുക്കുമെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറയുന്നു. സംഭവസ്ഥലത്തെത്തി വിശദമായ മഹസർ തയാറാക്കുകയും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും ചെയ്യും. ഇതിന് ശേഷമാകും ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ് അയക്കുക. മുഖ്യമന്ത്രിയുടെ ഗൺമാന്റെയും
അംഗരക്ഷകന്റെയും മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ ജുവൽ കുര്യാക്കോസ് നൽകിയ ഹർജിയിൽ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജലജറാണി കേസെടുക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.