ആലപ്പുഴ: ക്രൈസ്‌തവരുടെ തിരുന്നാൾ ആഘോഷത്തിനപ്പുറം ജനകീയമായ ക്രിസ്മസ് ആഘോഷത്തിൽ ലയിച്ച് നാടും നഗരവും. ദിവസങ്ങളോളം നടത്തിയ മുന്നൊരുക്കത്തിന്റെ ആകെത്തുകയായി ഇന്ന് എല്ലാവരും ഒരുമിച്ച് ക്രിസ്മസ് കൊണ്ടാടും. ആഘോഷങ്ങളുടെ നേർക്കാഴ്ച വിപണിയിൽ പ്രകടമായിരുന്നു. പുൽക്കൂടും നക്ഷത്രവും കേക്കും വൈനുമെല്ലാം വിപണിയിൽ നന്നായി വിറ്റഴിഞ്ഞു. ക്രിസ്മസ് അവധി ആഘോഷിക്കാൻ ആലപ്പുഴയിലെത്തുന്ന സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചു. വിദേശികളും അന്യസംസ്ഥാനക്കാരും ധാരാളമായി എത്തിക്കഴിഞ്ഞു. ഇതോടെ മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് ഹൗസ് ബോട്ട് സഞ്ചാരത്തിന് പോലും അവസരം ലഭിക്കാത്ത സാഹചര്യമുണ്ട്. ബോട്ടുകളുടെ നിരക്കിലും വർദ്ധന പ്രകടമാണ്. വിദ്യാലയങ്ങൾ പത്ത് ദിവസത്തെ അവധിക്ക് അടച്ചതോടെ ബന്ധുവീട് സന്ദർശിക്കാനും വിനോദയാത്രയ്ക്കുമായി പലരും സമയം കണ്ടെത്തി.

തിരുപ്പിറവി ആനന്തത്തിൽ ദേവാലയങ്ങൾ

ഇന്നലെ രാത്രി മുതൽ ക്രിസ്‌തീയ ദേവാലയങ്ങളിൽ തിരുപ്പിറവി കർമ്മങ്ങൾ ആരംഭിച്ചു. മൗണ്ട് കാർമ്മൽ കത്തീഗ്രൽ ദേവാലയത്തിലെ പാതിരാകുർബാനയ്ക്ക് ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. കേക്ക് മുറിക്കൽ ചടങ്ങിന് ഫാ.ഫ്രാൻസിസ് കൊടിയനാട് നേതൃത്വം നൽകി. ഇന്ന് ഉച്ചയ്ക്ക് 12.30ന് വഴിയോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്ന 'അഗാപെ' ചടങ്ങ് നടക്കും. എല്ലാ ദേവാലയങ്ങളിലും ഇന്നലെ രാത്രി കരോൾ ഗാനങ്ങൾ മുഴങ്ങി. ചിലയിടങ്ങളിൽ ബൈബിളിനെ ആസ്പദമാക്കി നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും പ്രദർശിപ്പിച്ചു. തീർത്ഥാടന കേന്ദ്രങ്ങളായ തുമ്പോളി, പൂങ്കാവ്, പഴവങ്ങാടി പള്ളികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഉഷാറായി പടക്ക വിപണി

ക്രിസമസ് കാലത്ത് പടക്ക വിപണി ആലപ്പുഴയിൽ പൊതുവിൽ അത്ര സജീവമല്ലെങ്കിലും ഇത്തവണ തരക്കേടില്ലാത്ത കച്ചവടം നടന്നതായി വ്യാപാരികൾ പറയുന്നു. യുവാക്കളാണ് കൂടുതലായും പടക്കം വാങ്ങാനെത്തുന്നത്. കൂട്ടം ചേർന്നുള്ള ആഘോഷത്തിന് കൊട്ടിക്കലാശം കൂടിയായി രാത്രി 12 മണിയോടെ പടക്കങ്ങൾ പൊട്ടിച്ചു. പുതുവർഷമെത്തുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

കുട്ടനാടൻ താറാവിന്

വൻഡിമാൻഡ്

ക്രിസ്മസ് കാലമായാൽ കുട്ടനാടൻ താറാവിന് വൻ ഡിമാൻഡ് ആണ്. കിലോയ്ക്ക് 300 - 400 രൂപ വരെ വിലയുള്ള സ്ഥലങ്ങളുണ്ട്. ഇത്തവണ ക്രിസ്മസ് സീസണിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാതിരുന്നത് കച്ചവടത്തിനും ഗുണകരമായി. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലെ ആളുകൾ അസൽ കുട്ടനാടൻ താറാവിനെ തേടി പള്ളാത്തുരുത്തി, കൈനകരി പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലെത്തിയിരുന്നു.

നിയമപാലകർ

ജാഗ്രതയിലാണ്

ക്രിസ്മസ് ആഘോഷം അതിടുകടക്കാതിരിക്കാൻ നിയമപാലകർ നിതാന്ത ജാഗ്രതയിലാണ്. എക്സൈസിന്റെ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലും ബീച്ചിലുമടക്കം സുരക്ഷ കൂട്ടി. അന്യ സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ ആളുകൾ ആഘോഷത്തിന് ആലപ്പുഴിലെത്തുന്നുണ്ട്. ക്രിസ്മസ്, പുതുവത്സരം ആഘോഷമാക്കാൻ ജില്ലയിലേക്ക് ലഹരിയുടെ ഒഴുക്കുണ്ടാകാനുള്ള സാദ്ധ്യതകണക്കിലെടുത്ത് അധികൃതർ പരിശോധനകൾ നടത്തുന്നുണ്ട്.