photo

ചേർത്തല: കേരള ബാങ്കിന്റെ ശാഖകളിൽ നിന്ന് പണയസ്വർണം മോഷണംപോയ സംഭവത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്ന പ്രതി മീരാമാത്യു ഹർജി പിൻവലിച്ചു. ജസ്റ്റിസ് മുഹമ്മദ് റിയാസ് 14ന് ഹർജി തള്ളിയിരുന്നു. ഇതോടെ നാട്ടിൽ സ്വൈര്യവിഹാരം നടത്തിയിരുന്ന പ്രതി പിൻവലിഞ്ഞു. നിരീക്ഷണത്തിലാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.

ചേർത്തലയിലെ കേരള ബാങ്കിന്റെ ഏരിയാമാനേജരായ മീരാമാത്യു,​ ശാഖകളിലെ പരിശോധനക്കിടെ സ്വർണം തട്ടിയെടുത്തു എന്നാണ് കേസ്. ബാങ്ക് അധികൃതർ മേലധികാരികൾക്ക് നൽകിയ പരാതിയിൽ ജൂൺ 7ന് മീരാമാത്യുവിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. 12ന് പൊലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

നാലുശാഖകളിലായി നടന്ന തട്ടിപ്പിൽ 335.08 ഗ്രാം സ്വർണം നഷ്ടപെട്ടതായി കണ്ടെത്തിയിരുന്നു. ചേർത്തലയിൽ രണ്ടും,അർത്തുങ്കൽ,പട്ടണക്കാട് സ്‌​റ്റേഷനുകളിലായി ഒന്നു വീതം കേസുകളാണ് എടുത്തിട്ടുള്ളത്. ചേർത്തല നടക്കാവ് ശാഖയിൽ നിന്ന് 171.300, ചേർത്തല പ്രധാന ശാഖയിൽ നിന്ന് 55.480, പട്ടണക്കാട് ശാഖയിൽ നിന്ന് 102.300,അർത്തുങ്കൽ ആറുഗ്രാം വീതമാണ് സ്വർണം നഷ്ടമായത്.

സ്വർണ പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ഏരിയാമാനേജർ മീര മാത്യു 2022 മേയ് മുതൽ സെപ്തംബർ വരെയുളള കാലത്ത് പരിശോധനക്കിടെ അത് മോഷ്ടിച്ചതായി പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.

പരിശോധനക്കിടെ സ്വർണം മോഷ്ടിച്ചതായിട്ടാണ് ശാഖാമാനേജർമാരും മൊഴിനൽകിയത്. ചുമതലപ്പെട്ട ജീവനക്കാരെ പോലും തന്ത്റപരമായി അക​റ്റി പരിശോധനക്കിടെ ഉരുപ്പടികൾ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ചുമതലപ്പെട്ട ഉദ്യോഗസ്ഥയായതിനാൽ സംശയത്തിനുള്ള സാദ്ധ്യതയും ഇല്ലായിരുന്നു.

ചേർത്തല,പട്ടണക്കാട്,അർത്തുങ്കൽ സ്​റ്റേഷൻ ഹൗസ് ഓഫീസർമാരായ ബി.വിനോദ്കുമാർ,എസ്.സനൽ,പി.ജി.മധു എന്നീവരുടെ നേതൃത്വത്തിലുള്ള മൂന്നു വ്യത്യസ്ത സംഘങ്ങൾ ചേർത്തല ഡിവൈ.എസ്.പി കെ.വി.ബെന്നിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തിയത്.