ആലപ്പുഴ: ആവേശ രാവുണർത്തി മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ചിറപ്പ് ഉത്സവം. ചിറപ്പാഘോഷത്തിന് മുല്ലയ്ക്കൽ മുതൽ കിടങ്ങാംപറമ്പ് വരെ നീളുന്ന തെരുവീഥിയിലേക്കിറങ്ങാൻ വൈകുന്നരമാകാൻ കാത്തിരിക്കുന്നതെല്ലാം പഴങ്കഥ. ഇത്തവണ രാവിലെ മുതൽ തന്നെ അതീവ തിരക്കാണ് ചിറപ്പ് വീഥിയിൽ പ്രകടമാകുന്നത്. ഒരേ സമയം ബീച്ചിലും നഗരത്തിലും ആഘോഷം നടക്കുമ്പോഴും, കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണത്തിന് യാതൊരു കുറവുമില്ല. ക്രിസ്മസ് തലേന്ന് നഗരത്തിൽ ആളുകൾ കൂട്ടത്തോടെ ഇറങ്ങിയതോടെ ഗതാഗതകുരുക്കും രൂക്ഷമായി. പ്രൈവറ്റ് ബസുകളുടെ സഞ്ചാരമുൾപ്പടെ താറുമാറായി. മുല്ലയ്ക്കൽ, കിടങ്ങാം പറമ്പ് ക്ഷേത്രങ്ങളിലെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ നടക്കുന്ന സാംസ്കാരിക പരിപാടികൾക്കും മികച്ച ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. ചിറപ്പിന്റെ ഭാഗമായി പോപ്പി ഗ്രൗണ്ടിലൊരുക്കിയിരിക്കുന് കാർണിവർ ജനുവരി മൂന്ന് വരെയുണ്ടാകും. വിവിധ തരം റൈഡുകളാണ് കുട്ടികളെയും മുതിർന്നവരെയും കാത്തിരിക്കുന്നത്. ഇതോടൊപ്പം മുല്ലയ്ക്കൽ തെരുവിൽ നടക്കുന്ന പെറ്റ് ഷോയ്ക്കും നിരവധി ആരാധകരുണ്ട്.പലപ്പോഴും ഷോയുടെ ഭാഗമായ ജീവികളെ നഗരത്തിലേക്ക് ഇറക്കുന്നുമുണ്ട്. ജനത്തിരക്ക് വർദ്ധിച്ചതോടെ എല്ലാ ഷോകളുടെയും പ്രദർശനം അർദ്ധരാത്രി വരെ നീണ്ടു.

........

# കിടങ്ങാംപറമ്പിൽ ഇന്ന്

രാവിലെ 9ന് ദേവീമാഹാത്മ്യം, വൈകിട്ട് 4.45ന് നടതുറക്കൽ, കാഴ്ചശ്രീബലി, 5.15ന് നൃത്തവസന്തം, 6.5ന് ദീപക്കാഴ്ച്ച, 7ന് ബംപർ ചിരി മെഗാഷോ, 9.10ന് വിളക്കെഴുന്നള്ളിപ്പ്.

.......

# മുല്ലയ്ക്കലിൽ ഇന്ന്

രാവിലെ 8.30ന് ശ്രീബലി, 10.30ന് കളഭാഭിഷേകം, നാദസ്വരകച്ചേരി, പ്രസാദം ഊട്ട്, തിരുവാതിര, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, സ്പെഷ്യൽ പഞ്ചാരിമേളം. 6ന് ദീപാരാധന, 7 മുതൽ കലാപരിപാടികൾ, 8ന് ഗാനമേള, 9.30ന് എതിരേൽപ്പ്, 11ന് തീയാട്ട്.