mannr-kuttiyil-junction

മാന്നാർ: ജൽജീവൻ പദ്ധതിയിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിന് റോഡരികിൽ പൈപ്പുകൾ കുഴിച്ചിട്ട ഭാഗത്ത് കൂന കൂടിക്കിടക്കുന്ന മണ്ണ് അപകടഭീഷണി ഉയർത്തുന്നു. കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ മാന്നാർ കുറ്റിയിൽ ജംഗ്ഷന് സമീപവും തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിലുമാണ് മൺകൂനകൾ ഭീഷണിയാകുന്നത്.

വീതികുറഞ്ഞ, തിരക്കേറിയ റോഡരികിലെ മൺകൂനകളിൽ തട്ടി ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരും അപകടത്തിൽപെടുന്നത് പതിവാണ്. മാസങ്ങൾക്കു മുമ്പാണ് കോയിക്കൽ ജംഗ്ഷന് തെക്കുവശത്ത് മൺകൂനയിൽ തട്ടി സ്‌കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റത്. പൈപ്പിടുന്നതും കുഴിയെടുക്കുന്നതും രാത്രികാലങ്ങളിൽ ആയതിനാൽ കരാർ തൊഴിലാളികൾ മണ്ണിട്ട് ഉറപ്പിക്കാതെ എങ്ങനെങ്കിലും ജോലി തീർത്ത് പോകുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

യാത്രക്കാർ വീഴുന്നത് പതിവ്

രണ്ടു ദിവസം മുമ്പാണ് കുറ്റിയിൽ ജംഗ്ഷനിൽ കുഴിയെടുത്ത് കുടിവെള്ള പൈപ്പിട്ടത്. അവിടെ നിന്നും തെക്കോട്ട് പെട്രോൾ പമ്പ് വരെയുള്ള റോഡിന്റെ പടിഞ്ഞാറു വശത്ത് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാത്ത വിധം മൺകൂന ഉയർന്നു നിൽക്കുകയാണ്. നായർ സമാജം സ്‌കൂളുകളിലേക്ക് നടന്നു പോകുന്ന വിദ്യാർത്ഥികളാണ് ഏറെ കഷ്ടപ്പെടുന്നത്. തൃക്കുരട്ടി ജംഗ്ഷനിൽ റോഡിന്റെ പടിഞ്ഞാറു വശത്ത് ബസുകൾ നിർത്തുന്ന ഭാഗത്തുള്ള മൺകൂനയിൽ തട്ടി യാത്രക്കാർ വീഴുന്നതും പതിവാണ്.

ചെന്നിത്തലയിൽ വെട്ടിപ്പൊളിച്ച റോഡ്

ചെന്നിത്തല കല്ലുംമൂട് ജംഗ്ഷനിൽ വെട്ടിപ്പൊളിച്ച റോഡാണ് അപകട ഭീഷണി ഉയർത്തുന്നത്. കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ കല്ലുംമൂട് ജംഗ്ഷനിൽ റോഡിന്റെ പടിഞ്ഞാറു വശം കോട്ടമുറിയിലേക്കുള്ള റോഡ് മുറിച്ചാണ് കുടിവെള്ള പൈപ്പുകൾക്കായി കുഴിയെടുത്തിട്ടുള്ളത്. പൈപ്പിട്ട് കുഴി മൂടിയെങ്കിലും ടാർ ചെയ്യാത്തതിനാൽ റോഡിനു കുറുകെയുള്ള കുഴി അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു.