
ചേർത്തല: മഹാകവി കുമാരാനാശാന്റെ 150-ാ മത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖലയിൽ ഗുരു പഥം 2023ന് തുടക്കമായി. കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ചേർത്തല മേഖലയിലെ 44 ശാഖകളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രഥയാത്ര വൈകിട്ട് ശ്രീനാരായണ ഗുരുദേവ സത്രം നടക്കുന്ന ചെള്ളപ്പുറം ഘണ്ടാകർണക്ഷേത്രത്തിൽ സമാപിച്ചു. ഗുരുവിന്റെയും കുമാരനാശാന്റെയും നവോത്ഥാന ആശയങ്ങളിലൂടെ പുതിയ വാതായനങ്ങൾ തുറക്കുന്നതിന് ഉതകുന്ന രീതിയിലുള്ള ഒട്ടനവധി കർമ്മ പദ്ധതികൾക്ക് തുടക്കം കുറിക്കുവാൻ യൂണിയൻ ഗുരു പദം 2023 ലക്ഷ്യമിടുന്നതായി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മേഖല ചെയർമാൻ കെ.പി.നടരാജൻ പറഞ്ഞു. യൂണിയൻ അഡ് മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ശക്തീശ്വര ക്ഷേത്ര യോഗം പ്രസിഡന്റ് അഡ്വ. സി.കെ.ഷാജിമോഹൻ രഥയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. യോഗത്തിൽ മേഖലാ വൈസ് ചെയർമാൻ പി.ജി.രവീന്ദ്രൻ,പി.ഡി.ഗഗാറിൻ, ജാഥ ക്യാപ്റ്റൻമാരായ അനിൽ ഇന്ദീവരം,ജെ. പി.വിനോദ് എന്നിവർ സംസാരിച്ചു.