
ചേർത്തല:ഒരുമിച്ചു ജനിച്ചവർ ഒരുമയുടെ ദിനത്തിൽ ബാലമിത്രയിലൂടെ സഹകരണ മേഖലക്കൊപ്പം ചേർന്നു. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ബാലമിത്ര പദ്ധതിയിൽ ഇരട്ടകളായ റയാനും റിദ്വാനയും അംഗമായി.കുഞ്ഞുങ്ങളുടെ പേരിടീൽ ദിവസം അമ്മയുടേയും കുഞ്ഞിന്റേയും സംയുക്ത അക്കൗണ്ട് ആരംഭിക്കുന്ന പദ്ധതിയാണ് ബാലമിത്ര. പേരിടുന്ന ദിവസം മുതലുള്ള വിശേഷ അവസരങ്ങളിൽ കുഞ്ഞിന്റെ ബന്ധുക്കൾക്ക് പണം നിക്ഷേപിക്കാൻ കഴിയും.18വയസ് പൂർത്തിയാകുമ്പോൾ പണം പിൻവലിക്കാൻ കഴിയുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.സഹകാരികളുടെ കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ പേരിടീൽ ദിവസം ബാങ്ക് പ്രതിനിധികൾ വീടുകളിലെത്തിയാണ് സമ്മാനവും പുതിയ അക്കൗണ്ട് ആരംഭിച്ചതിന്റെ പാസ് ബുക്കും നൽകുന്നത്. ഇതിനകം നാന്നൂറിലേറെ കുഞ്ഞുങ്ങൾ ബാലമിത്രയിലൂടെ കഞ്ഞിക്കുഴി സഹകരണബാങ്കിന്റെ ഭാഗമായി കഴിഞ്ഞു.പുതു തലമുറയെ സഹകരണ മേഖലക്കൊപ്പം ചേർത്ത് പിടിക്കാൻ ബാലമിത്ര പദ്ധതിയിലൂടെ ബാങ്കിനു കഴിയുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പാടത്തു വീട്ടിൽ രാകേഷ്-ബിനുമോൾ ദമ്പതികളുടെ കന്നി പ്രസവത്തിലെ കൺമണികളാണ് റയാനും റിദ്വാനയും.ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,സെക്രട്ടറി പി.ടി.ശശിധരൻ,ജി. ഉദയപ്പൻ,ബാങ്ക് ജീവനക്കാർ എന്നിവർ ചേർന്ന് സമ്മാനവും പാസ് ബുക്കും കൈമാറി.