ആലപ്പുഴ: ജില്ലയിൽ ലഹരി ഉപഭോഗം വർദ്ധിച്ചുവരുന്നതിനാൽ പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ജാഗ്രത കടുപ്പിച്ച് പൊലീസും എക്സൈസും. മദ്യശാലകൾ, റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ, ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം പരിശോധനകൾ നടക്കും.

ട്രെയിൻ മാർഗവും റോഡ് മാർഗവും അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റും ലഹരി വസ്തുക്കളെത്തിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് വാഹന പരിശോധന കർശനമാക്കാനാണ് തീരുമാനം. സ്ഥിരം കുറ്റവാളികളുൾപ്പെടെ ലഹരിക്കേസിൽ മുമ്പ് പിടിയിലായവരെയെല്ലാം രഹസ്യ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ദേശീയപാതയും ഉൾനാടൻ റോഡുകളുമുൾപ്പെടെ മുഴുവൻ സ്ഥലങ്ങളിലും വാഹന പരിശോധനയുണ്ടാകും. ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കുന്നവർ പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്.

പുതുവത്സരത്തോടനുബന്ധിച്ച് റോഡപകടങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ പൊലീസ് സ്റ്റേഷണ പരിധികളിലും ഡിസംബർ 31ന് ഉച്ചമുതൽ വാഹന പരിശോധന തുടങ്ങും. ദേശീയപാത ഉൾപ്പെടെ മുഴുവൻ റോഡുകളിലും പൊലീസിന് പുറമേ മോട്ടോർ വാഹന വകുപ്പും​ എക്സൈസും വാഹനങ്ങൾ പരിശോധിക്കും.

ലൈസൻസ് റദ്ദാക്കും

മദ്യപിച്ചുള്ള ഡ്രൈവിംഗ് , ഡ്രൈവിംഗിനിടെ മൊബൈൽഫോൺ ഉപയോഗം, അമിതവേഗത, മൂന്ന് ആളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്‌നൽലംഘനം തുടങ്ങിയവയ്ക്ക് പിഴചുമത്തുന്നത് കൂടാതെ ലൈസൻസ് റദ്ദാക്കുന്നതിനും നടപടികളെടുക്കും. രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിതശബ്ദം പുറപ്പെടുവിക്കുന്ന തരത്തിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

പൊലീസിനെ അറിയിക്കണം
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികൾ മുൻകൂട്ടി പൊലീസിനെ അറിയിക്കണം.

ഡിസംബർ 31ന് രാത്രി 10മണിക്ക് ശേഷം പൊതുസ്ഥലത്ത് മൈക്ക് ഉപയോഗിച്ച് യാതൊരു ആഘോഷവും അനുവദിക്കില്ല. കരിമരുന്ന് ഉപയോഗത്തിന് നിരോധനമുണ്ട്. രാത്രി 10ന് ശേഷം പൊതുസ്ഥലങ്ങളിൽ ഡി.ജെ പാർട്ടി പോലുള്ള ആഘോഷങ്ങൾ അനുവദിക്കുന്നതല്ല.

ആഘോഷങ്ങൾ അതിരുവിടാതിരിക്കാനും ലഹരി ഉപയോഗം തടയുന്നതിനും ശക്തമായ നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം

- ചൈത്ര തെരേസ ജോൺ. എസ്.പി, ആലപ്പുഴ