kerala-police

ആലപ്പുഴ: നവകേരള യാത്രയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.അജയ് ജ്യുവൽ കുര്യാക്കോസ്, കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് അന്വേഷണസംഘം വി.ഐ.പി സുരക്ഷാവിഭാഗത്തിന് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സെക്യൂരിറ്റി ഓഫീസർ സന്ദീപ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് സെക്യൂരിറ്റി ജീവനക്കാർക്കുമെതിരെ കേസെടുക്കാൻ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണിത്. ആലപ്പുഴ സൗത്ത് പൊലീസ് ജില്ലാ പൊലീസ് മേധാവി മുഖേന വി.ഐ.പി സുരക്ഷാവിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർക്കാണ് കത്ത് നൽകിയത്.

ഇവരുടെ പദവിയും വിലാസവുമുൾപ്പെടെ ശേഖരിച്ചശേഷം കത്തു നൽകി സ്റ്റേഷനിലേക്ക് വിളിപ്പിക്കാനാണ് പൊലീസ് നീക്കം. എന്നാൽ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമായാണ് ഇതിനെ പരാതിക്കാരും പ്രതിപക്ഷവും കാണുന്നത്. ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നി‌ർദ്ദേശം. അതേസമയം, സംഭവശേഷം സുരക്ഷാ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ന്യായീകരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

മൊഴിയെടുക്കാൻ പൊലീസ് വിളിച്ചെങ്കിലും ആയൂർവേദ ചികിത്സയിലായതിനാൽ പരാതിക്കാരായ തോമസും അജയും രണ്ടു ദിവസം കൂടി സാവകാശം തേടി. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കൂട്ടാക്കാതിരുന്ന പൊലീസ് നടപടിക്കെതിരെയാണ് ഇരുവരും കോടതിയിൽ ഹർജി നൽകിയത്.