ആലപ്പുഴ: പത്തുദിനരാത്രങ്ങൾ നഗരത്തിൽ ആഘോഷക്കാഴ്ച ഒരുക്കിയ മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ചിറപ്പ് ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. 17നാണ് മുല്ലയ്ക്കൽ ക്ഷേത്രത്തിൽ ചിറപ്പ് ആരംഭിച്ചത്. കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് കൊടിയേറിയത് 20നും .

സ്‌കൂളുകൾക്ക് അവധിയായതോടെ മുല്ലയ്ക്കൽ തെരുവിൽ തിരക്കേറിയിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും നിരന്ന താത്കാലിക കടകളാണ് ചിറപ്പിന് മാറ്റ് കൂട്ടിയത്. ജനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും നഗരത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു. അന്യസംസ്ഥനങ്ങളിൽ നിന്ന് എത്തിയവരാണ് കച്ചവടക്കാരിൽ കൂടുതലും. മുല്ലയ്ക്കൽ ക്ഷേത്രത്തിൽ ഇന്ന് ഭീമ ബ്രദേഴ്സിന്റെ വകയാണ് ചിറപ്പ്.

കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, ഉത്സവ ആഘോഷകമ്മിറ്റി ചെയർമാൻ ജി.മോഹൻദാസ്, ജനറൽ കൺവീനർ ആർ.ആർ.ജോഷിരാജ് എന്നിവരുടെ നേതൃത്വം നൽകുന്നു.

കിടങ്ങാംപറമ്പിൽ ഇന്ന്

കലശാഭിഷേകം രാവിലെ 4.45ന്, നാഗസ്വരക്കച്ചേരി 10ന്, ആറാട്ട് സദ്യ ഉച്ച്ക്ക് 12ന്, ആറാട്ട് പുറപ്പാട് വൈകിട്ട് 4ന്, ഓട്ടൻതുള്ളൽ വൈകിട്ട് 4.30ന്, നാടൻപാട്ട് മെഗാഷോ 7ന്, കൊടിയിറക്ക് രാത്രി 11ന്, വലിയകാണിക്ക സമർപ്പണം 11.15ന്.

മുല്ലയ്ക്കലിൽ ഇന്ന്

ഭക്തിഗാനസുധ രാവിലെ 7.30ന്, ശ്രീബലി 8.30ന്, കളഭാഭിഷേകം 10.30ന്, പ്രസാദമൂട്ട് ഉച്ചക്ക് 12.30ന്, ശീതങ്കൽ തുള്ളൽ 2ന്, സംഗീതക്കച്ചേരി വൈകിട്ട് 7ന്, ഗാനമേള 7.30ന്, എതിരേൽപ്പ് രാത്രി 9.30ന്, തീയാട്ടം 11ന്.