ആലപ്പുഴ: പുതുവത്സരാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആലപ്പുഴയിലേക്ക് സഞ്ചാരികളുടെ വരവ് വർദ്ധിച്ചിട്ടുണ്ടെങ്കിലും കായൽക്കാഴ്ചയ്ക്കപ്പുറം മറ്റ് വിനോദകേന്ദങ്ങൾ സജ്ജമാക്കുന്നതിൽ അധികൃതർ പുലർത്തുന്ന ഉദാസീനതക്കെതിരെ ടൂറിസം മേഖലയിലുള്ളവർ രംഗത്തെത്തി. കായൽയാത്ര ആസ്വദിക്കുന്നതിനു വേണ്ടി മാത്രമാണ് നിലവിൽ സഞ്ചാരികൾ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് എത്തുന്നത്. കൊവിഡ് കാലത്ത് തകർന്നുപോയ ഹൗസ് ബോട്ട് മേഖല ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്.
മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവരിൽ പലർക്കും പുതുവത്സരാഘോഷത്തിന് ബോട്ടുകൾ കിട്ടാത്ത സ്ഥിതിയുമുണ്ട്.
വിവിധ പാക്കേജുകളുടെ ഭാഗമായി കൂട്ടത്തോടെ എത്തുന്നവരും സോളോ ട്രിപ്പിന്റെ ഭാഗമായി എത്തുന്നവരുമുണ്ട്.
എങ്ങുമെത്താതെ മെഗാ ടൂറിസം സർക്യൂട്ട്
1.സംസ്ഥാനത്തെ ഏറ്റവും മികച്ച കായൽ ടൂറിസം പദ്ധതിയായ ആലപ്പുഴ മെഗാ കായൽ ടൂറിസം സർക്യൂട്ടിന് ഭരണാനുമതി ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല
2.അരൂർ മുതൽ കായംകുളം വരെയാണ് പദ്ധതി പ്രദേശമായി നിശ്ചയിച്ചിരുന്നത്. പദ്ധതികളിൽ ഭൂരിപക്ഷത്തിനും തീരദേശ പരിപാലന നിയമം വിനയായി
3.50കോടി മുടക്കി പൂർത്തിയാക്കിയ തണ്ണീർമുക്കത്തെ ഹൗസ് ബോട്ട് ലാൻഡിങ്ങ് ടെർമിനൽ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
മെഗാ ടൂറിസം സർക്യൂട്ടിന്റെ ചെലവ്: 52.25 കോടി രൂപ
മെഗാ ടൂറിസം വിഭാവനം ചെയ്ത പ്രധാന പദ്ധതികൾ
ഏഴു ഹൗസ് ബോട്ട് ടെർമിനലുകൾ (15 കോടി)
രണ്ട് നൈറ്റ് ഹാൾട്ട് ടെർമിനലുകൾ (13 കോടി)
നാല് മൈക്രോ ഡെസ്റ്റിനേഷനുകളുടെ വികസനം (5.54 കോടി)
രണ്ട് ബീച്ചുകളുടെ വികസനം (2.62 കോടി)
ടൂറിസം സർക്യൂട്ട് കേന്ദ്രമായ ആലപ്പുഴ ടൗൺ വികസനം (12.14 കോടി)
പദ്ധതി പ്രദേശത്തെ പാരിസ്ഥിതിക വികസന പ്രവർത്തനങ്ങളും സംരക്ഷണവും (1.40 കോടി)
സഞ്ചാരികൾ ധാരാളമായി ആലപ്പുഴയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കായൽക്കാഴ്ച്ചയ്ക്കപ്പുറം സമയം ചെലവഴിക്കാൻ മറ്റ് കേന്ദ്രങ്ങൾ കൂടി സജ്ജമാകേണ്ടതുണ്ട്
- കെ.എസ്.ഹാരിസ്, ടൂറിസ്റ്റ് ഗൈഡ്