coun

ആലപ്പുഴ : കുടിവെള്ള പ്രതിസന്ധി രൂക്ഷമായതോടെ രാഷ്ട്രീയം മറന്ന് ഒരുമിച്ച് പ്രതിഷേധത്തിനിറങ്ങി നഗരസഭ കൗൺസിലർമാർ. നഗരത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളക്ഷാമം പതിവാണെങ്കിലും കഴിഞ്ഞ രണ്ട് ആഴ്ച്ചകളായി സ്ഥിതി അതീവ ഗുരുതരമായതോടെയാണ് കൈതവന, സനാതനപുരം, പള്ളാത്തുരുത്തി വാർഡുകളിലെ ജനപ്രതിനിധികൾ ഇന്നലെ ഒരുമിച്ചെത്തി ജല അതോറിട്ടി അസി.എൻജിനിയറെ ഉപരോധിച്ചത്. നാട്ടുകാരും ഒപ്പമെത്തിയിരുന്നു.

വാർഡുകളിലെ പല ഭാഗത്തും ഒരുതുള്ളി വെള്ളം പോലും ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ജനപ്രതിനിധികളായ സജേഷ് ചാക്കുപറമ്പിൽ, എസ്.മനീഷ, ബീന രമേശ് എന്നിവർ പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളായതിനാൽ കുഴൽക്കിണറോ കിണറോ സ്ഥാപിക്കാൻ കഴിയില്ല. ജല അതോറിട്ടി വിതരണം ചെയ്യുന്ന ജലമല്ലാതെ മറ്റൊരു ആശ്രയവും പ്രദേശവാസികൾക്കില്ല. ഭൂരിഭാഗം പേരും ആർ.ഒ പ്ലാന്റിൽ നിന്നടക്കം വെള്ളം വിലയ്ക്ക് വാങ്ങിയാണ് വീട്ടാവശ്യങ്ങൾ നിർവഹിക്കുന്നത്. തൂക്കുകുളം ഭാഗത്തെ ലൈനിലുണ്ടായ തകരാറാണ് ജലക്ഷാമത്തിന് കാരണമെന്നും പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്നും ജല അതോറിട്ടി എ.ഇ നൽകിയ ഉറപ്പിലാണ് ജനപ്രതിനിധികൾ ഇന്നലെ സമരം അവസാനിപ്പിച്ചത്.

പരിഹാരമില്ലെങ്കിൽ പ്രക്ഷോഭം

1. ജലക്ഷാമത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് ജനപ്രതിനിധികളുടെ തീരുമാനം

2. ഇന്ന് പ്രശ്നം പരിഹരിക്കുമെന്ന ജല അതോറിട്ടിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ കൂടുതൽ ജനപ്രതിനിധികളെയും നാട്ടുകാരെയും കൂട്ടി സമരം വിപുലപ്പെടുത്താനാണ് തീരുമാനം

പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി അടിയന്തര പരിഹാരം കാണണം. അല്ലാത്തപക്ഷം ഇന്ന് എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിക്കും

സജേഷ് ചാക്കുപറമ്പിൽ, കൈതവന വാർഡ് കൗൺസിലർ

ഇന്ന് പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഉദ്യോഗസ്ഥർ വാക്ക് പാലിച്ചില്ലെങ്കിൽ സമരം വിപുലമാക്കും

എസ്.മനീഷ്, സനാതനപുരം വാർഡ് കൗൺസിലർ