
അമ്പലപ്പുഴ: പറവൂർ സെന്റ് ജോസഫ് ഫെറോന പള്ളിയിലെ പാതിരാകുർബാനയിൽ പങ്കെടുക്കാൻ പോയ അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിന് അച്ഛന് ദാരുണാന്ത്യം. മകന് ഗുരുതര പരിക്കേറ്റു. പറവൂർ കുടിയാംശേരി വീട്ടിൽ ജോയി റപ്പേൽ (58) ആണ് മരിച്ചത്. മകൻ റാഫേൽ(28) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്. ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പറവൂർ തീരദേശ റോഡിൽ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. എതിർദിശയിൽ വന്ന ബൈക്ക് ഇടിച്ചതിനെത്തുടർന്ന് സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ജോയി സംഭവസ്ഥലത്തു മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സെന്റ് ജോസഫ് ഫെറോന ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. ചികിത്സയിലുള്ള റാഫേലിന്റെ മനസമ്മതം 30 നും വിവാഹം ജനുവരി 8 നും നിശ്ചയിച്ചിരിക്കുകയായിരുന്നു. ആലപ്പുഴ ബിഷപ്പ് ഹൗസിലെ ജീവനക്കാരനായിരുന്നു മരിച്ച ജോയി. ഭാര്യ: മേരി. മകൾ: മെറീന. മരുമകൻ: സെബാൻ.