ff

ആലപ്പുഴ: സാക്ഷരതാ മിഷൻ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയുടെ സർവേ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിന് സാക്ഷരതാ മിഷൻ ആരംഭിച്ച പദ്ധതിയാണ് ചങ്ങാതി. ജില്ലയിൽ 2018ൽ മണ്ണഞ്ചേരിയിലും 2019ൽ പാണാവള്ളിയിലും 2022 - 23 ൽ എഴുപുന്ന ഗ്രാമ പഞ്ചായത്തിലും പദ്ധതി വിജയകരമായി നടത്തി.
ഈ വർഷം ചേന്നം പള്ളിപ്പുറം ഗ്രാമത്തിലാണ് നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി നടത്തുന്ന സർവേയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് നിർവ്വഹിച്ചു. ചേർത്തല ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിലെ നാഷണൽ സർവ്വീസ് സ്‌കീം വോളണ്ടിയർമാരാണ് സർവേ നടത്തുന്നത്.

ജില്ലാ കോർഡിനേറ്റർ കെ.വി.രതീഷ്, അരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ നൈസി ബെന്നി, കെ.എസ്.ഐ.ഡി.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ.കെ.പ്രസന്നൻ, പ്രോജക്ട് അസിസ്റ്റന്റ് എ.ഐ.ഷെമീർ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ജയശ്രീ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ വിജി രതീഷ്, ഷാനി, പ്രേരക്മാരായ കെ.കെ.രമണി, അനിൽകുമാർ, ഷൈല എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ച സർവേ അവസാനിക്കും.

പാഠപുസ്തകം 'ഹമാരി മലയാളം'

ഹമാരി മലയാളം എന്ന പാഠപുസ്തകമാണ് ക്ലാസുകൾക്ക് ഉപയോഗിക്കുക. മൂന്ന് മാസമാണ് പഠനകാലയളവ്.

വ്യവസായ സ്ഥാപനങ്ങളിലും ഷെൽട്ടറുകളിലും എത്തിയാണ് സർവേ.

സർവേ ക്രോഡീകരണത്തിന് ശേഷം പഠന കേന്ദ്രങ്ങൾ നിശ്ചയിക്കും. ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നൽകിയതിന് ശേഷം ക്ലാസുകൾ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.