1

കുട്ടനാട് : ശ്രിനാരായണ ഗുരുദേവ ദർശനങ്ങൾ വളരെ ആഴത്തിൽ വേരോടിയ മണ്ണാണ് കുട്ടനാടിന്റേതെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും വനിതാസംഘം കേന്ദ്ര കമ്മിറ്റി രക്ഷാധികാരിയുമായ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 91ാമത് ശിവഗിരി -ഗുരുകുലം പദയാത്രയ്ക്ക് മുന്നോടിയായി ധർമ്മപതാക യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപിന് കൈമാറിയ ശേഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ

നീ തന്നെയാണ് സത്യവും ജ്ഞാനവും ആനന്ദവും എന്നാണ് ഗുരു നമ്മെ പഠിപ്പിച്ചത്. ജീവിതത്തിൽ വിജയിക്കുവാൻ ശാസ്ത്രീയമായ അറിവുകൾ ആവശ്യമായതുകൊണ്ടാണ് ഗുരു ശാസ്ത്രത്തെ തീർത്ഥാടനത്തിന്റെ എട്ടുലക്ഷ്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ തയ്യാറായത്. തീർത്ഥാടനം കഴിഞ്ഞ് തിരികെയെത്തുന്നവർ ഗുരു കല്പിച്ച എട്ടു ലക്ഷ്യങ്ങളെക്കുറിച്ച് എല്ലാ കുടുംബയോഗങ്ങളിലും സംസാരിക്കുകയും പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിച്ച് മറ്റുള്ളവർക്ക് കൂടി ജോലി കൊടുക്കുന്നവരായി മാറുകയും ചെയ്യണമെന്നും പ്രീതി നടേശൻ പറഞ്ഞു.

യൂണിയൻ കൗൺസിലർ പി.വി.സന്തോഷ് വേണാട് പദയാത്രാ സന്ദേശം നൽകി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവിന്ദ്രൻ രഥത്തിൽ ഭദ്രദീപം തെളിയിച്ചു. വൈദികയോഗം യൂണിയൻ പ്രസിഡന്റ് സുജിത്ത് തന്ത്രി രഥത്തിൽ പ്രതിഷ്ഠാ കർമ്മം നടത്തി. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അദ്ധ്യക്ഷനായി. കൺവീനർ അഡ്വ. പി സുപ്രമോദം സ്വാഗതം

പറഞ്ഞു.

മഞ്ഞയിൽകുളിച്ച് എടത്വാ

എടത്വാ പൊലീസ് സ്റ്റേഷൻ മുതൽ സെന്റ് അലോഷ്യസ് കോളേജ് വരെ തിരുവല്ല - എടത്വാ സംസ്ഥാന പാത മഞ്ഞയിൽ കുളിച്ചു നിൽക്കുമായിരുന്നു. പദയാത്രയെ വരവേൽക്കാൻ യൂണിയന് കീഴിലെ വിവിധ ശാഖകളിൽ നിന്നായി പീതാംബര ധാരികളായ നൂറ് കണക്കിന് ആളുകൾ അണിനിരന്നു. കൊടി തോരണങ്ങളാൽ നാടാകെ അലങ്കരിച്ചു. രാവിലെ 10നാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും എട്ടോടെ തന്നെ ശ്രീനാരായണ ഭക്തരെ കൊണ്ട് എടത്വ നിറഞ്ഞു. 11ഓടെ ആരംഭിച്ച പദയാത്രയ്ക്ക് പിന്നീട് വിവിധ കേന്ദ്രങ്ങളിലായി വൻ സ്വീകരണമാണ് ലഭിച്ചത്. .