chenithala-chellappan-pil

ചെന്നിത്തല: കഥകളി നടൻ ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ സ്മരണാർത്ഥമുള്ള കലാ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ചെല്ലപ്പൻ പിള്ളയുടെ 25-ാമത് വാർഷിക അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും 28,29 തീയതികളിൽ ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ പുഷ്പാർച്ചന, തുടർന്ന് വിദ്യാർത്ഥികൾക്ക് ചിത്ര രചനാ മത്സരം, ഉച്ചക്ക് 2ന് രാംകുമാറും അനന്തുവും സംഘവും അവതരിപ്പിക്കുന്ന കേളി എന്നിവ നടക്കും. 3ന് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനവും കലാമണ്ഡലം ഓയൂർ രാമചന്ദ്രന് പുരസ്‌കാര സമർപ്പണവും മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ഗോപീമോഹനൻ നായർ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യാതിഥിയാവും. ചലചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിപു പടകത്തിൽ എന്നിവർസംസാരിക്കും. 29ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ എം.മുരളി, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണിക്ക്യഷ്ണൻ എന്നിവർ മുഖ്യാതിഥികളാവും. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. ബ്ലോക്ക്‌പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ, ബി.ജെ.പി ജില്ലാപ്രസിഡന്റ് എം.വി ഗോപകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ(സി.എഫ്.പി.ജി.എസ്) സഹകരണത്തോടെയാവും പരിപാടികൾ നടക്കുക. ഭാരവാഹികളായ ഗോപിമോഹനൻ നായർ, വിശ്വനാഥൻ നായർ, ഗോപൻ ചെന്നിത്തല, ജി.ഹരികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.