media-centre-veet

മാന്നാർ: നാലു പതിറ്റാണ്ടായി വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്ന മാന്നാർ കുരട്ടിശ്ശേരി പുത്തൻപീടികയിൽ പി.എ.അബ്ദുൽ ഫൈസിക്കും കുടുംബത്തിനും മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം നാളെ നടക്കും. മാന്നാറിലെ മാദ്ധ്യമ കൂട്ടായ്മയായ മാന്നാർ മീഡിയ സെന്ററും മുൻ ഗ്രാമപഞ്ചായത്തംഗം കെ.എ.കരീം ചെയർമാനായുള്ള ചോരാത്ത വീട് പദ്ധതിയും കൈകോർത്തുകൊണ്ട്, സർക്കാർ ഫണ്ടും സുമനസുകളുടെ സഹായത്തോടെയും നിർമ്മിച്ച വീടിന്റെ താക്കോൽദാനം നാളെ രാവിലെ 11ന് സംസ്ഥാന മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. മാന്നാർ മീഡിയ സെന്റർ പ്രസിഡന്റ് സാജു ഭാസ്‌ക്കർ അദ്ധ്യക്ഷത വഹിക്കും. കെ.എ കരീം പദ്ധതി വിശദീകരണം നടത്തും. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. മാന്നാറിലെ ഒരു സുമനസ് സൗജന്യമായി നൽകിയ, മാന്നാർ കുറ്റിയിൽമുക്ക്-മിൽമാ റോഡിനോട് ചേർന്നുള്ള നാലുസെൻ്റ് സ്ഥലത്ത് രണ്ടു കിടപ്പുമുറി, ഹാൾ, സിറ്റൗട്ട്, അടുക്കള, ശുചിമുറി എന്നിവയോടെ മനോഹരമായി ടൈൽ പാകി 10 ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ചോരാത്ത വീട് പദ്ധതിയിൽ നിർമ്മിക്കുന്ന 45-ാംമത്തെ വീടാണിത്.