
കായംകുളം: ശ്രീനാരായണ ഗുരുദേവൻ കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽ നിന്ന് വിദ്യ അഭ്യസിച്ച പുതുപ്പള്ളിയിലെ ചേവണ്ണൂർ കളരി ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ശാഖയായി മാറ്റുമെന്ന് മുൻ ശിവഗിരി മഠാധിപതിയും ചേവണ്ണൂർ കളരി കാര്യദർശിയുമായ സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന്റെ അനുമതിയാണ് ഇനി വേണ്ടത്. കളരിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവദർശനത്തിന്റെ ചുവട് പിടിച്ച് ഗുരുകുല സമ്പ്രദായത്തിലുള്ള പഠനരീതിയാകും അവിഷ്കരിക്കുക. ഗുരുദേവന് വിദ്യ പകർന്നു നൽകിയ സ്ഥലം അറിവിന്റെ കേദാരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 'ഗുരുദേവന് വിദ്യ വിളമ്പിയ ചേവണ്ണൂർ കളരി മണ്ണോടലിയുന്നു' എന്ന തലക്കെട്ടിൽ 2019 ഒക്ടോബർ 4 ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കളരി നന്ദർശിച്ച സ്വാമിമാർ കളരി ശിവഗിരി മഠം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഉടമയായിരുന്ന ഇന്ദിരാദേവിയിൽ നിന്ന് കളരിയും അതു നിൽക്കുന്ന 1.77 ഏക്കർ വസ്തുവും വ്യവസായിയായ മുരള്യാ ഫൗണ്ടേഷൻ ചെയർമാൻ കെ.മുരളീധരൻ വാങ്ങി ശിവഗിരി മഠത്തിന് നൽകി. കളരിയുടെയും തറവാടിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തി.
ഇന്ന് ശിവഗിരി മഠത്തിന്റെ അധീനതയിലുള്ള ചേവണ്ണൂർ കളരി അറിവിന്റെ തീർത്ഥാടന കേന്ദ്രമായി വളർന്നു. കളരി ശിവഗിരി മഠം ഏറ്റെടുക്കുമ്പോൾ ശിവഗിരി മഠാധിപതി ആയിരുന്ന സ്വാമി വിശുദ്ധാനന്ദയാണ് കാര്യദർശിയായി ഇവിടെ താമസിച്ച് കളരിയെ അറിവിന്റെ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുവാൻ അക്ഷീണം പരിശ്രമിക്കുന്നത്. ഇവിടെ നിന്നും മഹാസമാധിയിലേക്കുള്ള പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര 29 ന് ആരംഭിക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സ്വാമി വിശുദ്ധാനന്ദ കേരളകൗമുദിയോട് പറഞ്ഞു.
ഇന്നും നാളെയും വിളംബര ഘോഷയാത്ര നടക്കും. ചേവണ്ണൂർ ചാവടി രൂപകൽപ്പന ചെയ്ത രഥം അകമ്പടി സേവിക്കും. കെ.ജയകുമാർ ,വി.എം അമ്പിളിമോൻ, വിനോദ് കുമാർ ,റ്റി.പി രവീന്ദ്രൻ, എസ്.രാജു എന്നിവർ പദയാത്രക്ക് നേതൃത്വം നൽകും. 28 വൈകിട്ട് 4ന് ചേവണ്ണൂർ കളരിയിൽ നടക്കുന്ന സർവ്വമത സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും.