
ആലപ്പുഴ: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച കേസിൽ കാസർകോട് ചിറ്റാരിക്കൽ പൊലീസ് അറസ്റ്റ് ചെയ്ത മാവേലിക്കര കല്ലുമല ചെറുകുന്നം വളകോട്ടുതറയിൽ എൻ.പ്രസാദിനെതിരെ (55) കൂടുതൽ പരാതികൾ ഉയർന്നുവരുന്നു. പ്രസാദ് അറസ്റ്റിലായ വിവരം പുറത്ത് വന്നതോടെയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവർ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തിയത്. ചെട്ടികുളങ്ങര സ്വദേശിക്ക് മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് 3,20,000 രൂപ കൈക്കലാക്കിയെന്ന പരാതിയിൽ ഇന്നലെ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് മാവേലിക്കര സി.ഐ സി.ശ്രീജിത്ത് പറഞ്ഞു. പ്രതിക്കെതിരെ പത്തനംതിട്ടയടക്കം വിവിധ ജില്ലകളിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തിയതായാണ് സൂചന. കാസർകോട് ചിറ്റാരിക്കൽ സ്വദേശിയിൽ നിന്ന് വിസ വാഗ്ദാനം നൽകി 1,75,500 രൂപ തട്ടിച്ച പരാതിയിലാണ് നിലവിൽ ഇയാൾ അറസ്റ്റിലായത്.