
ചെറുകോൽ: ശുഭാനന്ദ ഗുരുദേവനാൽ സ്ഥാപിതമായ ആത്മബോധോദയ സംഘം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിൽ പന്ത്രണ്ടുവെള്ളിയാഴ്ച വ്രതസമാപനത്തോടനുബന്ധിച്ചുള്ള തീർത്ഥാടനത്തിന് ഭക്തിനിർഭരമായ തുടക്കം. വിവിധ ശാഖാശ്രമങ്ങളിൽ നിന്നായി ആയിരങ്ങൾ ഭഗവൽസന്നിധിയിലെത്തി ഇരുമുടിക്കെട്ടുകൾ സമർപ്പിച്ച് വ്രതപൂർത്തീകരണം നടത്തി. സമൂഹാരാധനയിൽ ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് സമൂഹസദ്യയ്ക്കുശേഷം പ്രസാദ വിതരണവും നടന്നു. 31 വരെ 7 ദിവസങ്ങളിലായി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശത്തുനിന്നുമായി പതിനായിരങ്ങൾ തീർത്ഥാടകരായി ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമസന്നിധിയിലെത്തി ഇരുമുടിക്കെട്ടു സമർപ്പിച്ച് ഭഗവൽദർശനം നടത്തി വ്രതം പൂർത്തീകരിക്കും. ഈ മഹാതീർത്ഥാടനത്തിന് തുടക്കംകുറിച്ച ആനന്ദ് ഗുരുദേവന്റെ ഉത്രാടം ജന്മശതാബ്ദി ആഘോഷവേളയിൽ നടക്കുന്ന, 12 വെള്ളിയാഴ്ച വ്രത സമാപനവും തീർത്ഥാടനവുമാണ് നടക്കുന്നതെന്നും തീർത്ഥാടനത്തിനായി എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുള്ളതായും ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അറിയിച്ചു.