കായംകുളം: കൃഷ്ണപുരം കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക മ്യൂസിയത്തിലെ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ അഞ്ച് ചിത്രകാരികൾ പങ്കെടുക്കുന്ന ചിത്രപ്രദർശനം ആരംഭിച്ചു. മാവേലിക്കര രാജ രവിവർമ്മ ഫൈൻ ആർട്സ് കോളേജിൽ സഹപാഠികളായിരുന്ന കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവനിലെ ചിത്രകലാ അദ്ധ്യാപിക ചിത്രാ ജ്യോതി, കോന്നി റിപ്പബ്ലിക്കൻ സ്കൂളിലെ ചിത്രകലാ അദ്ധ്യാപിക സന്ധ്യ.പി, കാഞ്ഞിരപ്പള്ളി സെന്റ് എഫ്രേംസ് സ്കൂളിലെ ചിത്രകലാ അദ്ധ്യാപിക സജിത അനീഷ്, വേലഞ്ചിറ ജന ശക്തി സ്കൂളിലെ മുൻ ചിത്രകലാ അദ്ധ്യാപിക ബിന്ദു.പി, പാറ്റൂർ ശ്രീ ബുദ്ധ സ്കൂളിലെ മുൻ ചിത്രകലാ അദ്ധ്യാപിക സുധ എന്നിവരാണ് ചിത്ര പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
അക്രിലിക് കളറിലും വാട്ടർ കളറിലും രചിച്ച 40ഓളം ചിത്രങ്ങളാണ് പ്രദർശത്തിന് .പ്രദർശനം കെ.പി.എ.സിയുടെ സെകട്ടറി എ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ചേപ്പാട് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ വി.രാജേഷ്, ജിതേഷ് ശ്രീരംഗം,തദ്ദേശ സ്വയം ഭരണ വകുപ്പ് മുൻ ഡെപ്യൂട്ടി സെക്രട്ടറി സുദർശനൻ ആലുംമൂട്ടിൽ,ജ്യോതി നാരായണൻ എന്നിവർ സംസാരിച്ചു.