1

കുട്ടനാട് : ശിവഗിരി തീർത്ഥാടനത്തിലൂടെ ഗുരു മുന്നോട്ടുവച്ച ആശയം, പൊതുസമൂഹത്തിന്റെ വളർച്ചയും അതിൽ പങ്കുകൊള്ളുന്ന വ്യക്തികളുടെ ഉയർച്ചയുമായിരുന്നെന്ന് മന്ത്രി വി.എൻ.വാസവൻ അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിലുള്ള 91ാമത് ശിവഗിരി - ഗുരുകുലം പദയാത്രയുടെ തുടക്കം കുറിച്ചുള്ള സമ്മേളനം കൈനകരി ഇളങ്കാവ് ദേവി ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലുവാ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വമതസമ്മേളനത്തിന്റെ നൂറാം വാർഷികം, വഴിനടക്കുവാനുള്ള സ്വാതന്ത്യത്തിനായി നടത്തിയ വൈക്കം സത്യാഗ്രഹത്തി​ന്റെ നൂറാം വാർഷി​കം, എസ് .എൻ.ഡി.പി യോഗത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്ന കുമാരനാശാന്റെ 150ാം ജന്മവാർഷികം എന്നിങ്ങനെ മൂന്ന് പ്രാധാന്യമാണ് ഇപ്രാവശ്യത്തെ ശിവഗിരി - ഗുരുകുലം പദയാത്രയ്ക്കുള്ളത്. ലോകസർവ്വമത സമ്മേളനം ലക്ഷണമൊത്ത രൂപത്തിൽ ആദ്യം സംഘടിപ്പിച്ചത് ഗുരുദേവനാണന്നും മന്ത്രി പറഞ്ഞു.

ഉത്തരപൂർവ്വ ഭാരതത്തിന്റെ വിവിധ മേഖലകളിൽ ജാതിയുടേയും, മതത്തിന്റെയും, വർണ്ണത്തിന്റെയും, ആചാരത്തിന്റെയും, അനുഷ്ഠാനത്തിന്റെയും പേരിൽ മനുഷ്യൻ അന്യോന്യം അങ്കപ്പോരിലേക്ക് പാഞ്ഞടുക്കുന്ന സാമൂഹ്യ അന്തരിക്ഷത്തിൽ ഗുരുവിന്റെ ദർശനങ്ങളും സന്ദേശങ്ങളും വളരെ പ്രസക്തമാണെന്നും മന്ത്രി പറഞ്ഞു

എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ധർമ്മപതാക യൂണിയൻ കൺവീനർ സന്തോഷ് ശാന്തിക്ക് കൈമാറി. ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രസംഗവും കോടുകുളഞ്ഞി വിശ്വധർമ്മമഠത്തി​ലെ സ്വാമി​ ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി​. യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ പദയാത്ര സന്ദേശം നൽകി. യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സന്തോഷ് ശാന്തി സ്വാഗതം പറഞ്ഞു.