ആലപ്പുഴ : ആലപ്പുഴ ജനറൽ ആശുപത്രിയി​ലെ അത്യാഹി​ത വി​ഭാഗത്തി​ൽ രാത്രി​ഡ്യൂട്ടി നോക്കുകയായി​രുന്ന ഡോക്ടർക്ക് മർദ്ദനമേറ്റു. മെഡിക്കൽ ഓഫീസറായ ഡോ.ഹരിശങ്കറിനാണ് മർദ്ദനമേറ്റത്. സംഭവത്തി​ൽ സക്കറിയാ ബസാർ കുന്നേൽ വീട്ടിൽ ജസ്റ്റിനെ (25) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച രാത്രി 8.15നായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ നന്ദു എന്ന യുവാവിന്റെ കൈയിൽ തുന്നലി​ടുന്നതിനായി മൈനർ ഓപ്പറേഷൻ തിയേറ്റർ കൂടിയായ ഡ്രെസ്സിംഗ് റൂമിൽ നിൽക്കുന്ന സമയം, ജസ്റ്റിൻ നന്ദുവിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ട് അതിക്രമിച്ചു കയറി. ഇയാളോട് മുറിക്ക് പുറത്തേക്ക് ഇറങ്ങി നിൽക്കാൻ നി​ർദ്ദേശി​ച്ചപ്പോൾ പ്രകോപിതനായി​ ഡോക്ടറുടെ വലത് തോളിൽ കൈമുട്ടു കൊണ്ട് ശക്തിയായി ഇടിക്കുകയായി​രുന്നു. ആലപ്പുഴ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.