ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിലെ വലിയകളം പൂജയും വലിയ കുരുതിയും ഇന്ന് നടക്കും. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ശ്രീകോവിലിന് മുൻവശത്തെ മുഖമണ്ഡപം നിറഞ്ഞു നിൽക്കുന്ന വലിയകളം എഴുതുന്നത്. ദാരികവധത്തിനു ശേഷം ഉഗ്രരൂപിണിയായി നിൽക്കുന്ന വാരനാട്ടമ്മയുടെ രൂപമാണ് വലിയകളത്തിൽ വരയ്ക്കുന്നത്.
ഇന്ന് രാവിലെ 6ന് വലിയകളത്തിലേക്ക് ദേവീയുടെ എതിരേൽപ്പ്, 6.15 ന് കളംപാട്ട്, പകൽ 12ന് വലിയകളം പൂജയും കളംപാട്ടും രാത്രി 12ന് വലിയ ഗുരുതി എന്നിവ നടത്തും. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ സൂര്യോദയത്തിന് ശേഷം നട തുറക്കുകയും സൂര്യാസ്തമനത്തോടെ നട അടക്കുകയും ചെയ്യും.