hob-santhosh

അടിമാലി:ദേശീയ പാതയിൽ പിക്കപ്പ് ജീപ്പ് തലകീഴായി മറിഞ്ഞ് മദ്ധ്യവയസ്‌കൻ മരിച്ചു. ഡ്രൈവറുൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ആലപ്പുഴ അരൂക്കുറ്റി പഞ്ചായത്ത് 6-ാം വാർഡ് തോട്ടാളശേരിൽ വീട്ടിൽ സന്തോഷ് (45 ) ആണ് മരിച്ചത്. ഡ്രൈവർ ലത്തീഫ്, സഹയാത്രികരായ മനാഫ്, അഷ്മി, സാബു എന്നിർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 12 മണിയോടെ കൊച്ചി -ധനുഷ്‌കോടിദേശീയ പാതയിൽ നേര്യമംഗലം പാലത്തിനു സമീപം ഫോറസ്റ്റ് സ്റ്റേഷനു മുൻപിലായി​രുന്നു അപകടം. ആലപ്പുഴയിൽ നിന്ന് രാജാക്കാടിനു വന്ന തടിജോലിക്കാരാണ് അപകടത്തിൽപ്പെട്ടവരെന്ന് പൊലീസ് പറഞ്ഞു.പിക്കപ്പ് ജീപ്പിലായിരുന്നു യാത്ര. വാഹനത്തിനു മുന്നി​ലൂടെ നായ് ഓടിയതോടെ ജീപ്പ് നിയന്ത്രണം വിട്ട്‌റോഡിൽ മറിയുകയായി​രുന്നു. മൃതദേഹംകോതമംഗലം താലൂക്ക് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പി​ച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.

സന്തോഷി​ന്റെ അപകട മരണത്തിൽ സംശയമുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം സന്തോഷിന്റെ ഭാര്യയുടെ ഫോണിൽ ആരോ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും , അന്നു തന്നെ പൊലീസിൽ അറിയിച്ചെന്നും ബന്ധുക്കൾ പറയുന്നു. തൊടുപുഴ മടക്കത്താനം സ്വദേശിയായ സന്തോഷ് വിവാഹ ശേഷം അരൂക്കുറ്റിയിൽ താമസിച്ചു വരുകയായിരുന്നു. ഭാര്യ: മീര. മക്കൾ : സഞ്‌ജയ് കൃഷ്ണ, ശ്രേയ.