ആലപ്പുഴ: കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപുജ പുരസ്ക്കാര ജേതാവ് കാഞ്ഞിപ്പുഴ ശശി (75) കാലയവനികയ്ക്ക് പിന്നിൽ മറയുമ്പോൾ മായുന്നത് തോപ്പിൽ ഭാസിക്ക് ശേഷം ആലപ്പുഴയുടെ നാടക പെരുമ ലോകത്തിന് മുന്നിലെത്തിച്ച മറ്റൊരു നാടകാചാര്യനെയാണ്. വള്ളികുന്നം കാഞ്ഞിപ്പുഴയിലാണ് ശശിയുടെ ജനനം. പതിനഞ്ചാം വയസിലാണ് കൊല്ലത്തെ അമച്വർ നാടകസംഘമായിരുന്ന ആർട്സ് സെന്ററിന്റെ 'യവഭൂതി'യിൽ ശങ്കരപ്പിള്ള എന്ന കുശിനിക്കാരന്റെ വേഷത്തിൽ അരങ്ങേറിയത്. പിന്നീട് പത്ത് വർഷം വിവിധ സംഘങ്ങളിലായി അമച്വർ നാടക വേദിയിൽ തിളങ്ങി. സിനി സിത്താരയുടെ 'ധർമ്മയുദ്ധം' എന്ന നാടകത്തിൽ സംവിധാനം, നായകവേഷം, മേക്കപ്പ്, സെറ്റ് രൂപകൽപന എന്നിവയെല്ലാം ശശി നിർവഹിച്ചു.. 1974ൽ പ്രൊഫഷനൽ നാടക രംഗത്തേക്ക് എത്തി. രാഗമാലിക, സൃഷ്ടി തിയറ്റേഴ്സ്, കൊച്ചിൻ സംഘമിത്ര, അതുല്യ, യവന തുടങ്ങി വിവിധ സമിതികളിലായി ഒട്ടേറെ കഥാപാത്രങ്ങളായി വേഷമിട്ടു.2006ൽ കൊല്ലം അരീനയുടെ 'അക്ഷയ ജ്യോതിസ്' എന്ന നാടകത്തിലെ അഭിനയത്തിനുൾപ്പെടെ രണ്ട് തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചി​ട്ടുണ്ട്. ഒഭാര്യ രമണിയുടെ വിയോഗത്തോടെ വർഷങ്ങളായി മകന്റെ കവടിയാറിലെ വീട്ടിലായിരുന്നു ശശി താമസിച്ചിരുന്നത്. മക്കൾ: ശരത് ലാൽ, ശാരിക. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1:30ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ .