ആലപ്പുഴ: വീട്ടിൽ വളർത്തിയ 55താറാവുകളും ഒരു കോഴിയും തീറ്റയിലെ ഫംഗസ് ബാധയെത്തുടർന്ന് ചത്തു. ആര്യാട് പഞ്ചായത്ത് 18-ാം വാർഡിൽ തോട്ടത്തിൽ ജോബിൻ ജോസഫ് ഉപജീവനത്തിനായി വളർത്തിയവയാണ് താറാവുകളും കോഴിയും.

ചൊവ്വാഴ്ച വൈകിട്ട് ചോറ്, തവിട്, കോഴിത്തീറ്റ എന്നിവ കൊടുത്ത് കൂട്ടിൽ കയറ്റിയ താറാവുകളിൽ ചിലത് ഇന്നലെ രാവിലെ ചത്തനിലയിലും ചിലത് തളർന്ന നിലയിലുമായിരുന്നു. തളർന്നു കിടന്നവയും വൈകാതെ ചത്തു. തുടർന്ന് ജോബിൻ ആര്യാട് മൃഗാശുപത്രിയിൽ വിവരം അറിയിച്ചു. ഡോക്ടർ എത്തി നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനാൽ പോസ്റ്റ്മോർട്ടം നടത്താൻ തിരുവല്ലയിലേക്ക് ചത്ത താറാവുകളെ കൊണ്ടുപോയി. തീറ്റയിലെ പൂപ്പലിനെത്തുടർന്നുള്ള അണുബാധയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരുദിവസം പ്രായമായ താറാവുകളെ കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു തിരുവല്ലയിൽ നിന്ന് വാങ്ങിയത്. ഒരുവർഷം വളർച്ചയെത്തിയ താറാവുകൾ മുട്ടയിടാൻ തുടങ്ങിയിരുന്നു. ഫാബ്രിക്കേഷൻ ജോലികൾ ചെയ്തുവന്നിരുന്ന ജോബിൻ കഴിഞ്ഞ സെപ്തംബറിലുണ്ടായ ബൈക്ക് അപകടത്തെതുടർന്ന് ചികിത്സയിലാണ്. ഏക വരുമാനമാർഗമായിരുന്നു താറാവ്, കോഴി വളർത്തലിൽ നിന്നുള്ള വരുമാനം.