ആലപ്പുഴ: ഓട നിർമ്മാണത്തിനൊപ്പം സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പിടീൽ കൂടി ആരംഭിച്ചതോടെ കളർകോട് ജംഗ്ഷനിൽ ഗതാഗതം വഴിമുട്ടി. എസ്.ഡി കോളേജിന് സമീപം പഴയ ദേശീയ പാതയുടെ ഇരുവശവും ഓടയ്ക്കും ഗ്യാസ് ലൈനിനും വേണ്ടി കുഴിച്ചതാണ് യാത്ര ദുഷ്കരമാക്കിയത്.

ദേശീയപാതയുടെ വശത്ത് വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായാണ് ഓട നിർമ്മാണം ആരംഭിച്ചത്. രണ്ടാഴ്ച മുമ്പ് ആരംഭിച്ച നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് സിറ്റി ഗ്യാസ് ലൈൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കൽ ജോലികളും ഇന്നലെ മുതൽ തുടങ്ങിയത്.

അരമീറ്ററോളം വ്യാസമുള്ള ഇരുമ്പ് പൈപ്പുകൾക്കുളളിലൂടെയാണ് ഗ്യാസ് പൈപ്പ് ലൈൻ കടന്നുവരുന്നത്. ഗ്യാസ് ലൈൻ കടത്തികൊണ്ടുവരുന്നതിനുള്ള കൂറ്റൻ പൈപ്പുകൾ മൈക്രോ ടണലിംഗ് വഴിയാണ് സ്ഥാപിക്കുന്നത്. പൈപ്പ് സ്ഥാപിക്കലിന് പുറമേ അതിനുള്ള വാഹനങ്ങളും യന്ത്ര സംവിധാനങ്ങളും റോഡിന്റെ പകുതിയോളം കൈയ്യടക്കിയതാണ് ഗതാഗതം തടസപ്പെടുത്തിയത്. ആലപ്പുഴ ഭാഗത്തേക്കും തിരികെയുമുള്ള ബസ് സ്റ്റോപ്പുകൾ ഒരേ സ്ഥലത്തായതും ഇവിടുത്തെ ഗതാഗത തടസത്തിന് മുഖ്യകാരണമാണ്.