നഗരസഭയ്ക്ക് പ്രതിവർഷം 10 ലക്ഷം രൂപ വരുമാനം
ആലപ്പുഴ : ആലപ്പുഴ ബീച്ചിൽ നഗരസഭയുടെ ഓപ്പൺ ജിമ്മും അനുബന്ധസൗകര്യങ്ങളും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക് എത്തി. നടത്തിപ്പ് ചുമതലയുടെ കരാർ സ്വകാര്യ കമ്പനിക്ക് കൈമാറിയതായി നഗരസഭാ അധികൃതർ വ്യക്തമാക്കി.
നഗരസഭയ്ക്ക് പ്രതിവർഷം 10 ലക്ഷം രൂപ വരുമാനം ഉറപ്പാക്കിയുള്ളതാണ് കരാർ. ജിമ്മിനോട് ചേർന്ന് ഒമ്പത് താൽക്കാലിക സ്റ്റാളുകൾ, ഭിന്നശേഷി സൗഹൃദ പാർക്ക്, ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും ഉൾപ്പെടും. കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി ഇതിനകം പ്രദേശത്ത് ഒന്നരകോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞതായി നഗരസഭാധികൃതർ പറഞ്ഞു. ജിമ്മിന്റെ പരിപാലനം ഉൾപ്പടെയുള്ള ഭാവിയിലെ ചെലവുകളെല്ലാം കമ്പനിയുടെ ഉത്തരവാദിത്വമായിരിക്കും. നിലവിൽ ബൈപ്പാസിന് സമാന്തരമായ ഫ്ലൈ ഓവറിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാൽ, ഇത് അവസാനിച്ച ശേഷമേ പദ്ധതിയുടെ ഉദ്ഘാടനമുണ്ടാകുകയുള്ളൂ.
ഇനി സെൽഫി പോയിന്റും
മുൻ യു.ഡി.എഫ് ഭരണസമിതി അമൃത് പദ്ധതിയിൽപ്പെടുത്തിയാണ് പാർക്കും ഓപ്പൺ ജിമ്മും നിർമ്മിച്ചത്. കടപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കും ഹോമിയോ ആശുപത്രിക്കുമിടയിൽ അയ്യപ്പൻപൊഴിക്കുസമീപം ഒരേക്കറിലാണ് ഇത്. ദീർഘനാളായി നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചുകിടന്നതോടെ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്നു. ബീച്ചിൽ ആലപ്പുഴ നഗരസഭയുടെ സെൽഫി പോയിന്റും ഒരുക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഓപ്പൺ ജിമ്മിനൊപ്പം
കോഫി, ജ്യൂസ് ഷോപ്പുകൾ
ജങ്ക് ഫുഡ് ശാലകൾ
ടൊയ്‌ലെറ്റ്
മാലിന്യ സംസ്കരണ പ്ലാന്റ്
790 ചതുരശ്രമീറ്റർ നടപ്പാത
ഓപ്പൺ സ്റ്റേജ്
ഓപ്പൺ ജിമ്മിനോടൊപ്പം പ്രദേശം ടൂറിസം സ്‌പോട്ടായി വിപുലമാക്കും. ഫ്ലൈ ഓവർ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഓപ്പൺ ജിമ്മും ടൂറിസം സ്‌പോട്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാവും
- പി.എസ്.എം.ഹുസൈൻ, വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ