
ആലപ്പുഴ: നടനും പ്രമുഖ സ്റ്റണ്ട് മാസ്റ്ററുമായ ബംഗളൂരു മല്ലേശ് പാളയ തിപ്പസാന്ദ്ര 'ജോളീസ് മാൻഷ'നിൽ ജോളി ബാസ്റ്റിൻ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി 8ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ ലൗലിയുടെ പുന്നപ്രയിലെ അരശ്ശികടവിൽ വീട്ടിൽ ക്രിസ്മസ് ആഘോഷത്തിനെത്തിയതായിരുന്നു ജോളിയും കുടുംബവും.
ചൊവ്വാഴ്ച രാവിലെ വയറുവേദനയെ തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കേ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സംസ്കാരം നാളെ വൈകിട്ട് നാലിന് ബംഗളൂരു ബസവനഗർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ചലച്ചിത്ര താരം അമിത്, നിധി ജൂലിയറ്റ്. മരുമകൻ: ബിനോ വർഗീസ്.
കൊച്ചി സ്വദേശി ജോൺ ബാസ്റ്റിന്റെയും ആലപ്പുഴ സ്വദേശിനി സിൻഡ്രലയുടെയും മകനായ ജോളി, 17-ാം വയസ്സിൽ കന്നടയിൽ നായകന്റെ ഡ്യൂപ്പായാണ് അരങ്ങേറ്റം നടത്തിയത്. ബൈക്ക് സ്റ്റണ്ടിങ്ങിലൂടെ സിനിമാരംഗത്തെത്തി. പിന്നീട് പ്രശസ്ത സ്റ്റണ്ട് സംവിധായകൻ ത്യാഗരാജന്റെ ശിഷ്യനായി. തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഘട്ടന സംവിധായകനായി മാറിയ ജോളി, 900നടുത്ത് ചിത്രങ്ങളുടെ ഭാഗമായും കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ 400ലധികം സിനിമകളിൽ സ്വതന്ത്രമായും പ്രവർത്തിച്ചു. മമ്മൂട്ടി ചിത്രമായ കണ്ണൂർ സ്ക്വാഡാണ് മലയാളത്തിൽ ഒടുവിൽ സ്റ്റണ്ട് ഡയറക്ടറായ ചിത്രം. ബട്ടർഫ്ലൈസ്, ജോണിവാക്കർ, കമ്മട്ടിപ്പാടം, മാസ്റ്റർപീസ്, അങ്കമാലി ഡയറീസ്, ന്നാ താൻ കേസ് കൊട്, കടുവ തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റണ്ട് മാസ്റ്ററായിരുന്നു. സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായും എത്തി. കന്നട, തമിഴ് ഭാഷകളിൽ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.