
ആലപ്പുഴ: സംഘട്ടനരംഗങ്ങളിൽ നായകന്മാരുടെ ഡ്യൂപ്പായി ആരംഭിച്ച സിനിമാ ജീവിതം നാൽപ്പതാം വർഷത്തിലെത്തിയപ്പോൾ, തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള സ്റ്റണ്ട് മാസ്റ്റർ എന്ന വിശേഷണവും സ്വന്തമാക്കിയാണ് ജോളി ബാസ്റ്റിൻ (57) ആകസ്മികമായി വിടപറഞ്ഞത്. എറണാകുളത്തെ ബാസ്റ്റിൻ ആൻഡ് കമ്പനി എന്ന ഓട്ടോമൊബൈൽ വർക്ക് ഷോപ്പിന്റെ പിൻതലമുറക്കാരൻ പാരമ്പര്യമായി കിട്ടിയ വാഹനപ്രേമം കൈമുതലാക്കിയാണ് സിനിമയിൽ പ്രവേശിച്ചത്.
ഒറ്റച്ചക്രത്തിൽ ബംഗളൂരു നഗരത്തിലൂടെ ബൈക്ക് സ്റ്റണ്ടിംഗ് നടത്തിയ കൗമാരക്കാരനെ കന്നട നടനും സംവിധായകനുമായ രവിചന്ദിന്റെ കായികപരിശീലകൻ കാണാനിട വന്നതാണ് വഴിത്തിരിവായത്. രവിചന്ദുമായുള്ള രൂപസാദൃശ്യത്താൽ അദ്ദേഹത്തിന്റെ ഡ്യൂപ്പായി 'പ്രേമലോക' എന്ന ചിത്രത്തിൽ പതിനേഴാം വയസ്സിൽ ജോളി അരങ്ങേറി. തുടർന്നാണ് പ്രശസ്ത സ്റ്റണ്ട് സംവിധായകൻ ത്യാഗരാജന്റെ ശിഷ്യനായത്. കന്നട, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി തൊള്ളായിരത്തിനടുത്ത് ചിത്രങ്ങളിൽ സംഘട്ടനരംഗങ്ങൾ ആവിഷ്കരിച്ചു. മോഹൻലാൽ ചിത്രമായ ബട്ടർഫ്ലൈസിലൂടെയാണ് മലയാളത്തിലെത്തിയത്. കണ്ണൂർ സ്ക്വാഡാണ് അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം. അച്ഛനും മുത്തശ്ശനും നടത്തിയിരുന്ന ഓട്ടോമൊബൈൽ വർക്ക് ഷോപ്പിന്റെ പാരമ്പര്യം നിലനിറുത്താൻ ബംഗളൂരുവിൽ വർക്ക് ഷോപ്പ് ജോളി നടത്തിയിരുന്നു. ഒപ്പം പരസ്യചിത്ര നിർമ്മാണവും ഇവന്റ് മാനേജ്മെന്റു ജോലികളും നടത്തി.
ജനനവും വിയോഗവും
ആലപ്പുഴയിൽ
പ്രശസ്ത വാഹന മെക്കാനിക് ദമ്പതികളായിരുന്ന എറണാകുളം സ്വദേശി ജോൺ ബാസ്റ്റിന്റെയും ആലപ്പുഴ സ്വദേശി സിൻഡ്രലയുടെയും മകനാണ് ജോളി ബാസ്റ്റിൻ. ഇന്ത്യയിലെ ആദ്യ വനിതാ മെക്കാനിക് കൂടിയായിരുന്നു സിൻഡ്രല. ആലപ്പുഴയിലായിരുന്നു ജനനമെങ്കിലും ജോളി പഠിച്ചതും വളർന്നതുമെല്ലാം ബംഗളൂരുവിലായിരുന്നു. മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും സ്വന്തമാക്കി.
ജനനശേഷം നാടുമായി അധികം ബന്ധമില്ലായിരുന്നെങ്കിലും വീണ്ടും ആലപ്പുഴയുമായി ജോളിയെ ഇഴചേർത്തത് പുന്നപ്ര അരശ്ശേരിക്കടവിൽ ലൗലിയുമായുള്ള വിവാഹമാണ്. വിവാഹത്തോടെ അവധിനാളുകളിൽ സന്ദർശനത്തിനും സിനിമാചിത്രീകരണത്തിന്റെ ഭാഗമായും ആലപ്പുഴയിലെത്തുമായിരുന്നു. കഴിഞ്ഞ 18നാണ് ക്രിസ്മസ് ആഘോഷത്തിനായി ഭാര്യ ലൗലി, മക്കളായ അമിത്, നിധി, മരുമകൻ ബിനോ വർഗീസ് എന്നിവർക്കൊപ്പം ആലപ്പുഴയിലെ ബന്ധു വീട്ടിലെത്തിയത്.