
ആലപ്പുഴ: വള്ളികുന്നം സ്വദേശി വിശ്വരാലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി. പ്രയാർ കൂനം തറയിൽ വീട്ടിൽ വിഷ്ണു (23), പുതുപ്പള്ളി തയ്യിൽ തറയിൽ വീട്ടിൽ അനുകൃഷ്ണൻ (22), കായംകുളം പെരിങ്ങാല അഖിൽ ഭവനത്തിൽ അഖിൽ (25), ഓലകെട്ടിയമ്പലം കുളത്താഴത്ത് വീട്ടിൽ ഹരികുമാർ (25), ഭരണിക്കാവ് മഞ്ഞാടിത്തറ നൗഫിയ മന്സിലിൽ ഫൈസൽ (25), കൃഷ്ണപുരം മരങ്ങാട്ടു വടക്കതിൽ കെവിൻ (24) എന്നിവരെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് രാത്രി 11.30ന് കറ്റാനം ജംഗ്ഷന് വടക്കു വശം വച്ചായിരുന്നു വിശ്വരാലിന് നേരെ ആക്രമണമുണ്ടായത്. രാത്രി 11 മണിയോടെ ചാരുംമൂടുള്ള ബാറിൽ മദ്യപിക്കാനായി വന്ന പ്രതികളും വിശ്വരാലും സുഹൃത്തുക്കളുമായി വാക്കു തർക്കമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് കറ്റാനം ജംഗ്ഷനിൽ ആഹാരം കഴിക്കുവാനായി വന്ന വിശ്വരാലിനേയും സുഹൃത്തുക്കളേയും പ്രതികൾ പിന്തുടർന്നെത്തി മർദ്ദിക്കുകയായിരുന്നു. ഭയന്ന് കറ്റാനം ജംഗ്ഷന് വടക്കുവശമുള്ള വീടിന് മുകളിലേക്ക് ഓടിക്കയറിയ വിശ്വരാലിനെ പ്രതികൾ വടി കൊണ്ടടിച്ചും ചവിട്ടിയും മുകളിൽ നിന്ന് താഴേക്ക് ഇടുകയായിരുന്നു. തലയ്ക്കും ശരീരത്തിലും ഗുരുതര പരക്കുകൾ പറ്റി അബോധാവസ്ഥയിലായ വിശ്വരാൽ ഇപ്പോഴും അത്യാസന്ന നിലയിൽ കൊല്ലം എൻ.എസ് സഹകരണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ .ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം കുറത്തികാട് സി.ഐ പി.കെ. മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സി.വി.ബിജു, എ.എസ്.ഐമരായ രാജേഷ്.ആർ.നായർ, സാദിഖ് ലബ്ബ , സീനിയർ സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമമ്മദ് ഷെഫീഖ്, അരുൺ ഭാസ്കർ, ഷാജിമോൻ, സി.പി.ഒമാരായ രഞ്ജു.ആർ.പിള്ള, കെ.എം.രാജേഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് ഒളിവിൽപ്പോയ പ്രതികളെ ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. മറ്റൊരു പ്രതിയായ രാഹുൽ ജി.നാഥിനെ കഴിഞ്ഞയാഴ്ച കായംകുളം ഒന്നാംകുറ്റി ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.