retr

മുഹമ്മ: വടക്കനാര്യാട് കൈതത്തിൽ ഘണ്ടാകർണ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം നാടിനെ ഭക്തിപ്രഭയിലാക്കി. നൂറ്റാണ്ടുകളുടെ പഴക്കമേറുന്ന ക്ഷേത്രം പുനർനിർമ്മിച്ച ശേഷം നടത്തുന്ന ആദ്യ തിരുവാതിര ഉത്സവമായതിനാൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി വ്രതം നോറ്റ് എത്തിയ മുന്നൂറോളം വനിതകൾ അണി നിരന്ന മെഗാ തിരുവാതിര നാടിന് അവിസ്മരണീയ അനുഭവമായി. കുടുംബ ഐശ്വര്യത്തിനായി കെടാവിളക്ക് തെളിച്ച ശേഷമാണ് അംഗനമാർ ദേവിയ്ക്ക് മുന്നിൽ അണിനിരന്നത്.
ഭക്തിനിർഭരമായ എതിരേൽപ്പ് ചടങ്ങിന് ശേഷം തിരുവാതിര ആരംഭിച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്ര മേൽശാന്തി സുരേഷ് ശാന്തി ഭദ്രദീപ പ്രകാശനം നടത്തി. ദേവസ്വം പ്രസിഡന്റ് ജയ്മോൻ സുരേഷ് ശാന്തിയെ പൊന്നാട അണിയിച്ചു. ജീർണ്ണതയിലായിരുന്ന ക്ഷേത്രം അഞ്ചരക്കോടി ചെലവിൽ പുനർനിർമ്മിച്ച് മഹാക്ഷേത്രമായി ഉയർത്താൻ ക്ഷേത്ര ഉപദേശക സമിതിയിലെ കെ.ഡി.മഹീന്ദ്രൻ നൽകിയ സംഭാവന ഏറെ വലുതാണെന്ന് ജയ്മോൻ പറഞ്ഞു.
കിഴങ്ങു വർഗ്ഗങ്ങൾ , കരിക്കിൻ വെള്ളം എന്നിവയാൽ തയ്യാർ ചെയ്യുന്ന എട്ടങ്ങാടിപുഴുക്ക് വഴിപാട് ദേവിയ്ക്ക് സമർപ്പിയ്ക്കുന്ന ചടങ്ങും ഭക്തിനിർഭരമായി. ക്ഷേത്ര മേൽശാന്തി പവനേഷ് കുമാർ പൊന്നാരിമംഗലത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രഭാരവാഹികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പ്രദക്ഷിണം നടത്തുന്ന ചടങ്ങ് , പാതിരാചൂടൽ , ചതുക്ഷതം, പൂമൂടൽ, ദ്രവ്യ കലശാഭിഷേകം തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു. ദേവസ്വം പ്രസിഡന്റ് ജയ്മോൻ, സെക്രട്ടറി കെ.എസ് .സനോജ്, ജോയിന്റ് സെക്രട്ടറി സി.ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.