
കായംകുളം : മുന്ന് പതിറ്റാണ്ട് മുമ്പ് കായംകുളം ഗവ.ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചക്കഞ്ഞിയും പയറും സൗജന്യമായി നൽകുന്നതിന് തുടക്കം കുറിച്ച , ജനസേവനം ഷാജി എന്ന പേരിൽ അറിയപ്പെട്ട നവാസ് ഷാ ഹുസൈൻ (58) അന്തരിച്ചു.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ മുല്ലശ്ശേരിൽ ജലാലുദ്ദീനാണ് പിതാവ് . ഭാര്യ :റംല ടീച്ചർ .മക്കൾ : .അൽത്താഫ് ഷാ ജലാൽ (ഷാ കുട്ടൻ), അഫ്നാൻ ഷാ (കുട്ടൻ കുഞ്ഞ്). കബറടക്കം ഇന്ന് രാവിലെ 9ന് കായംകുളം കുറുങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ .
ചിൽഡ്രൻസ് പാലസ് എന്ന പേരിൽ സ്കൂൾ നടത്തിയ ഷാജി കായംകുളത്തെ സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കായംകുളംത്ത് തുടക്കമിട്ടതും ഷാജിയാണ്. വർഷങ്ങൾക്ക് മുൻപ് യുവാക്കളെ സംഘടിപ്പിച്ചു നാടൻ പന്തുകളി മത്സരങ്ങളും വോളിബാൾ ടൂർണമെന്റും സംഘടിപ്പിച്ചിരുന്ന ഷാജിയുടെ പ്രവർത്തനങ്ങൾ കൊറ്റുകുളങ്ങരയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഹരമായിരുന്നു. ഷാജി തുടങ്ങിവച്ച ഉച്ചക്കഞ്ഞി വിതരണം പിന്നീട് നിരവധി സംഘടനകൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഉച്ചക്കഞ്ഞി പൊതിച്ചോറിലേക്ക് എത്തി.