കായംകുളം: ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻഅംഗം ഗോവിന്ദമുട്ടം സന്നിധാനത്തിൽ മോഹനൻ (54) മരിച്ചത് കായംകുളം പൊലീസ് സ്റ്റേഷനിലെ പട്രോളിംഗ് ജീപ്പിടിച്ചാണെന്ന് സ്ഥിരീകരിച്ചു. അജ്ഞാത വാഹനം ഇടിച്ചെന്നാണ് നേരത്തെ കരുതിയിരുന്നത്. നാട്ടുകാരുടെ ആവശ്യപ്രകാരം അപകടസ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് ജീപ്പിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് സമ്മതിച്ചത്. ഗോവിന്ദമുട്ടം അമ്പലപ്പാട്ട് ജംഗ്ഷന് പടിഞ്ഞാറു ഭാഗത്ത് 23ന് പുലർച്ചെയായിരുന്നു അപകടം. മോഹനന്റെ വീട്ടി​ൽ പൊലീസ് സഹായത്തോടെ ജപ്തി​ നോട്ടീസ് പതി​പ്പി​ച്ചി​രുന്നു. പൊലീസ് ജീപ്പ് കണ്ട് ഭയന്നോടുന്നതി​നി​ടെ അപകടത്തി​ൽപ്പെടുകയായി​രുന്നെന്ന് കരുതുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 24ന് പുലർച്ചെ മോഹനൻ മരിച്ചു. ഇടിച്ചിട്ട ജീപ്പിൽ പൊലീസ് തന്നെയാണ് മോഹനനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പൊലീസ് ജീപ്പാണ് ഇടിച്ചതെന്ന വിവരം മറച്ചുവയ്ക്കുകയായിരുന്നു. മോഹനന്റെ ഭാര്യ.ബിന്ദു, മകൻ.മാധവ്.