
തുറവൂർ : തുറവൂർ- അരൂർ എലിവേറ്റഡ് ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി ഒറ്റ തൂണുകൾക്ക് മുകളിൽ ഒന്നാമത്തെ ബീം തുറവൂരിൽ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ആദ്യ ബീം ഇന്ന് സ്ഥാപിക്കുവാനാണ് അധികൃതരുടെ തീരുമാനം. തുറവൂർ തെക്ക് ഭാഗത്തെ യാർഡിൽ നിർമ്മിച്ച ഭീമൻ ബീം ഇന്നലെ വൈകിട്ട് പ്രത്യേക വാഹനത്തിന്റെ സഹായത്തോടെ തുറവൂരിലെത്തിച്ചു. ഇതിന് 35 മീറ്റർ നീളമുണ്ട്. എലിവേറ്റഡ് ഹൈവേയുടെ നീളം 12.75 കിലോമീറ്റർ ആണ്. ആകെ നിർമിക്കേണ്ടത് 354 തൂണുകളാണ്. ഇതിനകം പൂർത്തീകരിച്ച തൂണുകളിൽ ഒരു ഡസനിലധികം തൂണുകളിൽ പിയർ ക്യാപ്പിങ്ങിന്റെ കോൺക്രീറ്റിങ്ങും കഴിഞ്ഞു. ഇവയ്ക്ക് മുകളിൽ ബീമുകളും ഗർഡറുകളും സ്ഥാപിക്കുന്നതിനായുള്ള ലോഞ്ചിങ് ഗാൻട്രികൾ തുറവൂരിലും അരൂരിലും സ്ഥാപിച്ചു കഴിഞ്ഞു.