ആലപ്പുഴ: ജില്ലയുടെ ഭരണസിരാകേന്ദ്രമായ ആലപ്പുഴ നഗരത്തിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗതാഗതത്തിന് തുറന്നു കൊടുത്ത കൊമ്മാടി, ശവക്കോട്ട പാലങ്ങൾ, നിർമ്മാണം പുരോഗമിക്കുന്ന സമാന്തര ബൈപ്പാസ് , ജില്ലാ കോടതി പാലം പുനർനിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായത്, രണ്ടാം കുട്ടനാട് പാക്കേജിന് സംസ്ഥാന ബഡ്ജറ്റിൽ കൂടുതൽ തുക അനുവദിക്കപ്പെട്ടു, കുട്ടനാട് കുടിവെള്ള പദ്ധതി വൈകാതെ യാഥാർത്ഥ്യമാകും... എന്നിങ്ങനെ നേട്ടങ്ങൾ സമ്മാനിച്ച് 2023 വിടവാങ്ങുമ്പോൾ പ്രധാന പദ്ധതികൾക്കായുള്ള ജില്ലയുടെ കാത്തിരിപ്പ് 2024ലേക്കും നീളുകയാണ്.
കൊവിഡിൽ തളർന്നുപോയ ടൂറിസം രംഗം കരകയറി തുടങ്ങിയതാണ് 2023ൽ ജില്ലയ്ക്ക് ഏറെ സന്തോഷം പകരുന്നത്. നെഹ്റുട്രോഫി ജലമേളയും, സി.ബി.എല്ലും എല്ലാം അതിന്റെ പ്രതാപത്തിലേക്ക് തിരിച്ചെത്തി. ഒരുപിടി നേട്ടങ്ങളുടെ പട്ടികയ്ക്കപ്പുറം നടക്കാതെ പോയതും കാലതാമസം നേരിടുന്നതുമായ ഒരുപാട് സ്വപ്നങ്ങളുടെ നീണ്ട ലിസ്റ്റും ആലപ്പുഴക്കാർക്ക് ചൂണ്ടിക്കാട്ടാനുണ്ട്.
1.മുന്നേറ്റമില്ലാതെ മൊബിലിറ്റി ഹബ്ബ്
ആലപ്പുഴയിലെ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കുന്ന മൊബിലിറ്റി ഹബ്ബിനായുള്ള കാത്തിരിപ്പിന് മൂന്ന് വർഷത്തെ പഴക്കമുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പൊളിച്ച് നിർമ്മിക്കുന്ന ടെർമിനലിന്റെ രൂപരേഖയിൽ തട്ടിയാണ് നാളുകളായി പദ്ധതി നീണ്ടുപോയത്. 493 കോടി രൂപയുടേതാണ് പദ്ധതി.
2.പേരിലൊതുങ്ങി കടൽപ്പാലം
പത്ത് വർഷം മുമ്പേ യാഥാർത്ഥ്യമാകേണ്ടിയിരുന്ന മറീന കം കാർഗോ പദ്ധതി വെള്ളത്തിലായതോടെയാണ്പാരമ്പര്യമേറെയുള്ള ആലപ്പുഴ കടൽപ്പാലത്തെ മുസിരിസ് പൈതൃക പദ്ധതിയിൽ വകകൊള്ളിച്ചത്. വിനോദസഞ്ചാര വകുപ്പാണ് പുതിയ കടൽപ്പാലം പൂർത്തീകരിക്കേണ്ടത്. പ്രഖ്യാപനങ്ങൾക്കപ്പുറം ഒന്നും നടന്നില്ല.
3.മാലിന്യത്തിൽ വട്ടംകറങ്ങി കായൽ
പ്രതിദിനം നൂറ് കണക്കിന് ഹൗസ് ബോട്ടുകൾ സഞ്ചരിക്കുന്ന വേമ്പനാട്ടുകായൽ തന്നെയാണ് പല ബോട്ടുകളുടെയും മാലിന്യ നിക്ഷേപ കേന്ദ്രവും. ആർ.ബ്ലോക്കിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് അടച്ചുപൂട്ടിയതോടെയാണ് മാലിന്യം കളയാൻ എളുപ്പമാർഗ്ഗം പല ബോട്ടുകാരും സ്വീകരിച്ചത്. ഇത് കൂടാതെ മറ്റിടങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യമുൾപ്പടെ പലപ്പോഴും ജലാശയങ്ങളിൽ തള്ളുന്നുവെന്ന പരാതിയുണ്ട്. വട്ടക്കായലിൽ മാലിന്യ സംസ്ക്കരണ പ്ലാന്റ് നിർമ്മിക്കാൻ പദ്ധിയിട്ടെങ്കിലും യാഥാർത്ഥ്യമായില്ല.
4.അടങ്ങാതെ ദുരിതത്തിരമാല
കര കടലെടുക്കുന്നതും, വീടുകൾ നിലം പൊത്തുന്നതും തീരദേശ ജനതയ്ക്ക് ശീലമായി. മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള വാഗ്ദാനങ്ങളൊന്നും പേരിനപ്പുറം യാഥാർത്ഥ്യമായില്ല. പുനർഗേഹം പദ്ധതിയുണ്ടെങ്കിലും, നിബന്ധനകളുടെ നൂലാമാലകൾ ജനത്തെ വട്ടം കറക്കുന്നു. തീരദേശ ഹൈവേ എന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കടലിൽ അപകടത്തിൽപ്പെട്ടാൽ രക്ഷിക്കാൻ ബോട്ടടക്കമുള്ള അടിയന്തര സംവിധാനങ്ങൾ ഇന്നും അന്യമാണ്.
കുരുക്കഴിയാതെ കയർ
കയർ മേഖലയെ സമരമേഖലയെന്ന് വിശേഷിപ്പിച്ചാൽ അതിശയോക്തിയില്ല. പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കാനുള്ള വാഗ്ദാനങ്ങൾ മേഖലയ്ക്ക് ഗുണകരമായി ഫലിച്ചിട്ടില്ല. ഇന്നും ചെറുകിട സംരംഭകർ വ്യവസായത്തിൽ പിടിച്ച് നിൽക്കാൻ പെടാപ്പാട് പെടുകയാണ്.
പുതുവർഷത്തിൽ വേണ്ടത്
കെ.എസ്.ആർ.ടി.സി സമുച്ചയങ്ങൾ നവീകരിക്കണം
ദ്വീപുകളുടെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തണം
സ്റ്റേഡിയങ്ങൾ യാഥാർത്ഥ്യമാക്കണം
മാലിന്യ സംസ്ക്കരണ സംവിധാനം ശക്തിപ്പെടുത്തണം
തീരം കല്ലുകെട്ടി സംരക്ഷിക്കണം