
മാന്നാർ: ധനുമാസ സന്ധ്യക്ക് കുളിർമയേകി കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്ര മുറ്റത്ത് മെഗാതിരുവാതിര അരങ്ങേറി. ശ്രീഭുവനേശ്വരി സ്കൂളും പാട്ടമ്പലം ദേവസ്വവും ചേർന്ന് നടത്തിയ മെഗാ തിരുവാതിരയിൽ മുന്നൂറോളം അംഗനമാർ നിരന്നു. സ്കൂളിലെ കുട്ടികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, കുരട്ടിക്കാട് എൻ.എസ്.എസ് വനിതാസംഘം അംഗങ്ങൾ, ചെന്നിത്തല മാന്നാർ പ്രദേശങ്ങളിലെ തിരുവാതിര സംഘാംഗങ്ങൾ തുടങ്ങിയവർ മെഗാ തിരുവാതിരയിൽ പങ്കാളികളായി. എൻ.എസ്.എസ് വനിതാസമാജം പ്രസിഡന്റ് വത്സലാ ബാലകൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് ബി.ശ്രീകുമാർ, സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ, ആർ.രാജീവൻ, മോഹനചന്ദ്രൻ, ജി.ഗണേശ്, ബിന്ദു എം.പിള്ള, ബിനു ഉപേന്ദ്ര, നിഷ രാജേഷ്, നൃത്താദ്ധ്യാപിക രശ്മി എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. 22 മിനിട്ട് ദൈർഘ്യത്തിൽ 5 പാട്ടുകളുടെ അകമ്പടിയിൽ നടന്ന തിരുവാതിരയ്ക്ക് ശേഷം പുഴുക്ക് വിതരണവും നടന്നു.