
ആലപ്പുഴ: നഗര പ്രദേശങ്ങളിൽ പരിഹാരമില്ലാതെ തുടരുന്ന കുടിവെള്ള പ്രശ്നത്തിനെതിരെ സമരം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിലർമാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വാട്ടർ അതോറിട്ടി എ.ഇയെ ഉപരോധിച്ചിരുന്നു. ഇന്നലെ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിലായിരുന്നു സമരം. ചാത്തനാട്, മന്നത്ത്, തോണ്ടൻകുളങ്ങര വാർഡുകളിൽ ടാപ്പുകളിൽ മലിനജലം ലഭിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.ഇന്ന് രാവിലെ 11 മണിക്ക് സ്ഥലം സന്ദർശിച്ച്, മലിനജലം പൈപ്പ് ലൈനിൽ കലരുന്നത് സംബന്ധിച്ച് പരിശോധന നടത്തുമെന്നാണ് ജനപ്രതിനിധികൾക്ക് ജല അതോറിട്ടി അധികൃതർ നൽകിയിരിക്കുന്ന ഉറപ്പ്.
എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജല അതോറിട്ടി എക്‌സിക്യൂട്ടിവ് എൻജിനീയറായ ഗിരീഷിനെ ഉപരോധിച്ചത്. ആലപ്പുഴ മണ്ഡലം സെക്രട്ടറി നിജു തോമസ്, മണ്ഡലം പ്രസിഡന്റ് തൻസിൽ താജുദ്ധീൻ, ജോയിന്റ് സെക്രട്ടറി നവാസ് ബഷീർ, ഷമീർ സുലൈമാൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷമീറ ഹാരിസ്, ജില്ലാ കമ്മിറ്റിയംഗം ആശ സുനീഷ്, അരുൺ,കെ.എ, എന്നിവർ നേതൃത്വം നൽകി.
നടപടി എടുത്തിട്ടും മാലിന്യം
തള്ളുന്നത് നിറുത്തുന്നില്ല
നഗരത്തിലെ സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ നിന്നുള്ള മലിനജലം ജലാശയത്തിലേക്ക് ഒഴുക്കി വിടുന്നതായും, ഈ മലനിജലമാണ് പൈപ്പ് ലൈനിൽ പ്രവേശിച്ച് കുടിവെള്ളവുമായി കലർന്ന് വീടുകളിൽ ലഭിക്കുന്നതെന്നുമാണ് പരാതി. മുമ്പും മാലിന്യം തുറസ്സായി തുറന്ന് വിടുന്നതിനെതിരെ നഗരസഭ നടത്തിയ പരിശോധനയിൽ ചികിത്സാ കേന്ദ്രത്തിന് പിഴ ചുമത്തിയിരുന്നു. എന്നാൽ മാലിന്യം ഒഴുക്കി വിടുന്നത് അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് ചാത്തനാട് വാർഡ് കൗൺസിലർ കെ.എസ്.ജയൻ പറഞ്ഞു.
ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിൽ മാലിന്യം കലർന്ന ജലമാണ് പൈപ്പിൽ ലഭിക്കുന്നത്. പ്രശ്നത്തിൽ ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാകും
- കെ.എസ്.ജയൻ, ചാത്തനാട് വാർഡ് കൗൺസിലർ