
ആലപ്പുഴ: പമ്പയാറ്റിൽ കഴിഞ്ഞദിവസം മുങ്ങിമരിച്ച ചെന്നൈ സ്വദേശികളായ രണ്ട് അയ്യപ്പ ഭക്തരുടെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും. മന്ത്രി സജി ചെറിയാന്റെ ഇടപെടലിലാണ് നടപടി.
ശബരിമല ദർശനത്തിനുശേഷം മടങ്ങിയ ചെന്നൈ ത്യാഗരായ നഗർ സ്വദേശികളായ എട്ടംഗ ഭക്തസംഘം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള പാറക്കടവിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ ടി നഗർ 70ൽ സന്തോഷ് (19), അവിനാശ് (21)എന്നിവരാണ് മരിച്ചത്.
കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയ മന്ത്രി സജി ചെറിയാൻ മൃതദേഹങ്ങൾ മൊബൈൽ മോർച്ചറി സംവിധാനമുള്ള ആംബുലൻസിൽ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കുന്നതിന് നിർദ്ദേശം നൽകി. സംഘത്തിലെ മറ്റുള്ളവരെ മന്ത്രി ആശ്വസിപ്പിച്ചു. അത്യാവശ്യ ചെലവുകൾക്കായി 25000 രൂപയും ബന്ധുക്കളെ ഏൽപ്പിച്ചാണ് മന്ത്രി മടങ്ങിയത്.