
ആലപ്പുഴ : ജില്ലയിലെ ദേശീയപാത നവീകരണം അതിവേഗം മുന്നോട്ട്. തോട്ടപ്പള്ളി സ്പിൽവേ ചാനലിലെ പുതിയ പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു.
നിലവിലെ പാലത്തിന് സമാന്തരമായും ദേശീയ ജലപാതയിലെ പുത്തൻ പാലവുമായി ബന്ധിപ്പിച്ചുമാണ് 444 മീറ്റർ നീളത്തിൽ പാലം നിർമ്മിക്കുന്നത്. ഹൈഡ്രോളിക് യന്ത്രത്തിന്റെ സഹായത്തോടെയാണ് പൈലിംഗ് ജോലികൾ പുരോഗമിക്കുന്നത്.
40 മുതൽ 50മീറ്റർ ആഴത്തിൽ 380 പൈലുകളാണ് നിർമ്മിക്കേണ്ടത്. ശക്തമായ ഒഴുക്കും വേലിയേറ്റസാദ്ധ്യതയും കണക്കിലെടുത്താണ് നിർമ്മാണം. രണ്ട് വർഷം കൊണ്ട് പൈലിംഗ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. പാലത്തിന്റെ തെക്കേകരയിലെ പൈലിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
ജലാശയത്തിലെ പൈലിംഗിനുള്ള യന്ത്രങ്ങൾ എത്തിക്കഴിഞ്ഞു. പുതിയ പാലത്തിന്റെ വടക്കേക്കരയിൽ അഞ്ച് മീറ്ററും തെക്കേക്കരയിൽ 12.5 മീറ്റർ ഉയരവും ഉണ്ടാകും. പുതിയ പാലത്തിൽ റേഗുലേറ്ററിംഗ് സംവിധാനം ഇല്ലെന്ന കാര്യം ദേശീപാത അധികൃതർ ജലസേചന വകുപ്പിനെ അറിയിച്ചിട്ടുണ്ട്. നിലവിലെ പാലം തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ സർവീസ് റോഡിൽ നിലനിർത്തും. ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിർമ്മിക്കുന്ന ഏറ്റവും നീളമേറിയ പാലമാണ് തോട്ടപ്പള്ളിയിലേത്.
കാക്കാഴം, കരുവാറ്റ പാലങ്ങൾ
കാക്കാഴം റെയിൽവേ മേൽപ്പാലത്തിന്റെയും കരുവാറ്റയിലെ പുതിയ പാലത്തിന്റെയും പൈലിംഗ് ജോലികൾ അവസാനഘട്ടത്തിലാണ്. ഹൈഡ്രോളിക് യന്ത്രത്തിന്റെ സഹായത്തോടെ 29 മീറ്റർ ആഴത്തിലാണ് അമ്പലപ്പുഴയിൽ പൈലിംഗ് ജോലികൾ പുരോഗമിക്കുന്നത്. റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലായി 92 പൈലുകളാണ് നിർമ്മിച്ചത്. കരുവാറ്റ കന്നുകാലിപാലത്തിന്റെ ഭാഗത്തെ പൈലിംഗ് ജോലികൾ പൂർത്തിയായി.
സമാന്തര ബൈപ്പാസ്
1.ആലപ്പുഴ ബൈപ്പാസിൽ സമാന്തരപാതയിലെ തൂണുകളുടെ നിർമ്മാണം തുടങ്ങി
2. മേൽപ്പാലത്തിന്റെ നീളം 3.43 കിലോമീറ്റർ
3. 95 സ്പാനുകളും 96 തൂണുകളും
4. കാഞ്ഞിരംചിറയിലും കുതിരപ്പന്തിയിലും റെയിൽപ്പാതയ്‌ക്ക് മുകളിലൂടെ
തോട്ടപ്പള്ളി പാലം (മീറ്ററിൽ)
നീളം: 444
വീതി: 17
പൈലുകൾ
ആകെ: 280
വെള്ളത്തിൽ : 180
പൈലിംഗ് ആഴം: 40 - 50 മീറ്റർ
ഉയരം (മീറ്ററിൽ)
വടക്കേക്കര....... 5
തെക്കേക്കര..... 10
പുത്തൻ പാലം .....12.5