
ചേർത്തല:താലൂക്ക് ആശുപത്രിയിൽ എ.എം.ആരിഫ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 16.40ലക്ഷത്തിന്റെ അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ പുതുവത്സരദിനത്തിൽ പ്രവർത്തിച്ചു തുടങ്ങും.പുതിയ സ്‌കാനിംഗ് സംവിധാനങ്ങൾ എത്തുമ്പോഴും റേഡിയോളജിസ്റ്റിന്റെ നിയമനം അകലേതന്നെ.നിലവിൽ സി.ടി.സ്‌കാൻ പ്രവർത്തിക്കുന്ന വിഭാഗത്തിൽ തന്നെയാണ് ഇതും പ്രവർത്തിപ്പിക്കുന്നത്.
രോഗികൾക്കു പ്രയോജനകരമാണ് സംവിധാനമെങ്കിലും റേഡിയോളജിസ്റ്റിന്റെ സേവനമില്ലെങ്കിൽ ഇതിന്റെ പ്രയോജനം പാവപ്പെട്ട രോഗികൾക്ക് ലഭിക്കാതെയാകും.റേഡിയോളജിസ്റ്റില്ലാത്തതിനാൽ നിലവിൽ സി.ടി സ്‌കാൻ സേവനത്തിന്റെ ഫലം കിട്ടാൻ രോഗികൾ മണിക്കൂറുകൾ കാക്കേണ്ടിവരുന്നുണ്ട്.സ്‌കാനിംഗ് നടത്തിയ ശേഷം അത് ആലപ്പുഴ മെഡിക്കൽ കോളേജിലെ റോഡിയോളജി വിഭാഗത്തിലേക്കയച്ച് അവിടെ നിന്നാണ് ഫലം വരുന്നത്.അതിനാൽ തന്നെ ആറുമണിക്കൂർ വരെയെങ്കിലും കാത്തു നിൽക്കേണ്ടിവരുന്നുണ്ട്.റോഡിയോളജിസ്റ്റുണ്ടെങ്കിൽ ഫലം അരമണിക്കൂറിനുള്ളിൽ നൽകാനാകുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
താലൂക്കാശുപത്രിയിലെത്തുന്ന രോഗികൾക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് സി.ടി സ്‌കാനും അൾട്രാസൗണ്ട് സ്‌കാനിംഗും.സ്വകാര്യ ലാബുകളെ അപേക്ഷിച്ച് നേരിയ നിരക്കുമാത്രമാണ് ഇവിടെ ഈടാക്കുന്നത്. സ്റ്റാഫ് പാറ്റേണിൽ റേഡിയോളജിസ്റ്റിന്റെ പോസ്റ്റില്ലാത്തതിനാൽ അതിനായി ശ്രമങ്ങൾ വർഷങ്ങളായി നടത്തുന്നുണ്ട്.നിലവിൽ ക്രമീകരണങ്ങളോടെയെങ്കിലും റേഡിയോളജിസ്റ്റിനെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.