nelkarshakar

ചെന്നിത്തല: ഏറെ പ്രതിസന്ധികൾ മറികടന്ന് കൃഷിയി​റക്കാൻ തയ്യാറായ നെൽകർഷകരെ വലച്ച് കിളിർക്കാത്ത നെൽ വിത്തുകൾ. ചെന്നിത്തല കൃഷിഭവന് കീഴിൽ ഒന്നാംവാർഡിൽ മൂന്നാം ബ്‌ളോക്കിലെ 250ഓളം ഏക്കറിലെ നെൽ കർഷകരാണ് വിത്ത് വിതയ്ക്കാനാവാതെ പ്രതിസന്ധിയിലായത്.

സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയ ഉമ ഇനത്തിൽപ്പെട്ട നെൽവിത്തുകൾ ചാക്കിൽകെട്ടി പതിനാലു മണിക്കൂറോളം വെള്ളത്തിൽ നെടുനീർ കൊടുത്തിട്ട ശേഷമാണ് വിതയ്ക്കാനാവാതെ പോയത്.

വെള്ളം പമ്പിംഗ് നടത്തിയും നിലം ഉഴുതും ഒരുക്കങ്ങൾ നടത്തിയ ശേഷം ഇന്നലെ വി​തയ്ക്കാനായി​ തൊഴിലാളികളെ വരുത്തിയപ്പോഴാണ് നെൽവിത്തുകൾ പകുതിപോലും കിളിക്കാത്ത അവസ്ഥയിലായതറി​യുന്നത്. തുടർന്ന് തൊഴിലാളികൾ മടങ്ങിപ്പോകേണ്ടി​ വന്നു. വേറെ വഴിയില്ലാത്തതിനാൽ ചില കർഷകർ വിതയ്ക്കാൻ തയ്യാറായെങ്കിലും കൃഷി നഷ്ടത്തിലാകുമെന്ന ആശങ്കയി​ലാണ്.

കൂടി​യ വി​ലയ്ക്ക് വി​ത്ത് വാങ്ങേണ്ടി​ വരും

കുറഞ്ഞ നിരക്കിൽ സർക്കാർ നൽകിയ നെൽവിത്തുകൾ പാഴായതോടെ പുറത്ത് നിന്നും കിലോ 45 രൂപ നിരക്കിൽ നെൽവിത്ത് വാങ്ങി വീണ്ടും നെടുനീർ കൊടുത്ത് പാകാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. അതിനു ദിവസങ്ങൾ വേണ്ടിവരുമെന്നതിനാൽ ഏറെ സാമ്പത്തിക നഷ്ടവും അതിലുപരി സമയ നഷ്ടവും ഉണ്ടാകും. കടം വാങ്ങിയും പലിശയ്‌ക്കെടുത്തതും കൃഷിക്കിറങ്ങിയ തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

തുടക്കത്തി​ലേ നഷ്ടം

സർക്കാർ നൽകിയ നെൽവിത്തുകൾ വിതയ്ക്കാൻ കഴിയാത്തതിനാൽ താറാവ് കർഷകർക്ക് നൽകുക മാത്രമാണ് പോംവഴി. കൃഷിയുടെ തുടക്കത്തിൽ തന്നെ ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇതിനു പരിഹാരം അധികൃതരിൽ നിന്നും എത്രയും വേഗം ഉണ്ടാവണമെന്നാണ് ചെന്നിത്തല മൂന്നാം ബ്ലോക്കിലെ നെൽകർഷകരായ കുറ്റിയിൽ കെ.എൻ.തങ്കപ്പൻ, മധു കുന്നിൽ, ഇ.ടി ബാലൻ ഇടയിടത്തറ, സന്തോഷ് നാമങ്കേരി എന്നിവർ ആവശ്യപ്പെടുന്നത്.