
കായംകുളം: മനസും ശരീരവും ശുദ്ധീകരിച്ചവരുടെ തീർത്ഥാടനാ കേന്ദ്രമാണ് ശിവഗിരിയെന്നും ദൈവവിശ്വാസിയല്ലെങ്കിലും ദൈവവിരോധിയല്ലെന്നും മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. ശിവഗിരി മഠം ഏറ്റെടുത്ത കായംകുളം പുതുപ്പള്ളി ചേവണ്ണൂർ കളരിയിൽ നടന്ന സർവമതശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗിവര്യന്മാരുടെയും സന്യാസി ശ്രേഷ്ഠന്മാരുടെയും നാടാണ് ഭാരതം. വേദങ്ങളും ഉപനിഷത്തുകളും പ്രകാശം പരത്തിയ നാട്. മതങ്ങൾ ഉണ്ടാകുന്നതിന് മുമ്പാണ് അവ ഉണ്ടായതെന്നും വേദകാലത്താണ് ഇതിൽ ചാതുർവർണ്യം ചാലിച്ച് ചേർത്തതെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ ദൈവവിശ്വാസി അല്ലെങ്കിലും അമ്മ വലിയ വിശ്വാസിയായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്ത് കായംകുളം പാർട്ടി ഓഫീസിൽ വച്ച് ഓച്ചിറ ക്ഷേത്രത്തിൽ പൂജിച്ച ജലം അമ്മ തന്റെ തലയിലൊഴിച്ചിട്ടുണ്ട്. ഭാഗവത പരായണ വിദഗ്ദ്ധനായിരുന്നു പിതാവ്. അതുകൊണ്ട് തെറ്റുകൂടാതെ രാമായണം പരായണം ചെയ്യാൻ അറിയാം. കേരളത്തെ നയിക്കുന്ന നക്ഷത്രമാണ് ശ്രീനാരായണ ഗുരുദേവൻ'- ജി.സുധാകരൻ പറഞ്ഞു. ശിവഗിരി മുൻ മഠാധിപതി സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു.